അഗ്നിരക്ഷാസേന അംഗം വിനോദ്കുമാറിനെ അനുസ്മരിച്ചു

അങ്കമാലി: ജീവൻരക്ഷ പ്രവർത്തനത്തിനിടെ ഷോക്കേറ്റ് മരിച്ച അഗ്നിരക്ഷാസേന അംഗം അങ്കമാലി കിടങ്ങൂർ പന്തപ്പിള്ളി വീട്ടിൽ പി. വിനോദ് കുമാറിന്റെ സ്മരണാർഥം കേരള ഫയർ സർവിസ്​ അസോസിയേഷൻ (കെ.എഫ്.എസ്.എ) ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ അഗ്നിരക്ഷാസേന കേന്ദ്രങ്ങളിൽ അനുസ്മരണം സംഘടിപ്പിച്ചു. തൃശൂർ അഗ്നിരക്ഷാനിലയത്തിൽ ജോലി ചെയ്യവെ 2011 ഫെബ്രുവരി 23നാണ് അപകടം സംഭവിച്ചത്. തൃശൂർ വിയ്യൂർ കുളങ്ങാട്ടുകരയിൽ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ അറ്റകുറ്റപ്പണിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണ് കിടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ്​ വിനോദ്കുമാർ എത്തിയത്​. വൈദ്യുതി ലൈൻ ഓഫാണെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് വിനോദ് കുമാർ പോസ്റ്റിൽ കയറിയത്​. എന്നാൽ, വൈദ്യുതി ബന്ധം വി​ച്ഛേദിക്കപ്പെട്ടിരുന്നില്ല. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ മുകളിൽ വലിച്ചിരുന്ന 11 കെ.വി ലൈനിൽ വൈദ്യുതി പ്രവഹിക്കുകയും വൈദ്യുതാഘാതമേറ്റ് മരണം സംഭവിക്കുകയുമായിരുന്നു. ഏഴോളം റിവാർഡുകൾ നേടിയ വിനോദ്കുമാറിന്റെ ധീര സേവനങ്ങളെ മാനിച്ച് 2011ൽ പ്രസിഡന്റ്സ് ഫയർ സർവിസ് മെഡൽ ഫോർ ഗാലൻട്രി നൽകി രാജ്യം ആദരിച്ചിരുന്നു. ജന്മനാടായ അങ്കമാലിയിൽ എറണാകുളം മേഖലതല അനുസ്മരണം സംഘടിപ്പിച്ചു. അങ്കമാലി സ്റ്റേഷൻ ഓഫിസർ കെ.എസ്. ഡിബിൻ ഉദ്ഘാടനം ചെയ്തു. കെ.എഫ്.എസ്.എ എറണാകുളം മേഖല പ്രസിഡന്റ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.എം. റഷീദ്, നേതാക്കളായ പി.എ. സജ്ജാദ്, അനീഷ് പി. ജോയ്, പി. ഷിബു, പി.വി. പൗലോസ്, റെജി എസ്. വാര്യർ, അനിൽ മോഹൻ, എം.വി. ബിനോജ് അസി. സ്റ്റേഷൻ ഓഫിസർ എൻ. ജിജി എന്നിവർ സംസാരിച്ചു. വിനോദ്കുമാറിന്റെ ഭാര്യ രോഹിണി, മകൾ ജാനകി, സഹോദരി വിദ്യ എന്നിവരും പങ്കെടുത്തു. കാഞ്ഞൂർ പാറപ്പുറം സ്നേഹജ്യോതി ബോയ്സ് ഹോമിലെ അന്തേവാസികൾക്ക് ഭക്ഷണവും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.