വധ ഗൂഢാലോചന കേസ്​: ഹാജരാക്കിയത്​ വിവരങ്ങൾ നശിപ്പിച്ച ഫോണുകളെന്ന്​ ​ക്രൈംബ്രാഞ്ച്​

കൊച്ചി: വധ ഗൂഢാലോചന കേസിൽ ദിലീപ്​ ഉൾപ്പെടെ പ്രതികൾ ഫോണുകൾ കോടതിയിൽ ഹാജരാക്കിയത്​ വിവരങ്ങൾ മായ്​ച്ചുകളഞ്ഞ്​ ഫോർമാറ്റ്​ ചെയ്ത ശേഷമാണെന്ന്​ ക്രൈംബ്രാഞ്ച്​. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്നുള്ള തുടരന്വേഷണം റദ്ദാക്കാൻ പ്രതി ദിലീപ് നൽകിയ ഹരജി പരിഗണിക്കവെയാണ്​ പ്രോസിക്യൂഷനും ഈ ആരോപണം ഉന്നയിച്ചത്​. അതേസമയം, നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ്​ അടക്കമുള്ളവർക്കെതിരായ തുടരന്വേഷണം അനന്തമായി നീട്ടാനാവില്ലെന്ന്​ ഹൈകോടതിയും വ്യക്തമാക്കി. തുടരന്വേഷണം വിചാരണക്കോടതി നിർദേശിച്ചതുപ്രകാരം മാർച്ച് ഒന്നിനകം പൂർത്തിയാക്കുക​യല്ലേ വേണ്ടതെന്നും ഹരജി പരിഗണിക്കവേ കോടതി ആരാഞ്ഞു. തുടരന്വേഷണത്തിന്​ രണ്ടുമാസം ലഭിച്ചല്ലോ. ഒരാളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള കേസന്വേഷണത്തിന്​ ഇത്രയേറെ സമയം എന്തിനാണ്. ഈ കേസിന്‍റെ അത്രമാത്രം പ്രത്യേകത എന്താണെന്നും കോടതി ചോദിച്ചു. എന്നാൽ, പ്രതികൾ ഫോണുകൾ കോടതിക്ക്​ കൈമാറിയത് വിവരങ്ങളെല്ലാം നശിപ്പിച്ച ശേഷമാണെന്ന് ഫോറൻസിക് പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന്​ ​​അന്വേഷണസംഘത്തിന്​ വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡി.ജി.പി) വ്യക്തമാക്കി. ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചെങ്കിലും ചില നിർണായക വിവരങ്ങൾ തിരിച്ചെടുക്കാനായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സമയം വേണം. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ അന്വേഷണസംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളുടെ ഏഴ് മൊബൈൽ ഫോൺ ഹാജരാക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിനുശേഷമാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തത്​. പ്രതികളുടെ ശബ്ദ സാമ്പിളുകൾ ശേഖരിക്കാൻ കഴിഞ്ഞ ദിവസമാണ് കോടതിയിൽനിന്ന് അനുമതി ലഭിച്ചത്. ഇതിനുശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യണം. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കണം. ഇങ്ങനെ തുടരന്വേഷണം പൂർത്തിയാക്കാൻ സമയം വേണ്ടതുണ്ടെന്നും ഡി.ജി.പി വിശദീകരിച്ചു. അന്വേഷണം അന്തിമഘട്ടത്തിലാണ്. 40 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പാക്കിയതാണെന്നും ഇയാളുടെ മൊഴിയിലെ 81 വസ്തുതയിൽ പരിശോധന നടത്തി വിശ്വാസ്യത ഉറപ്പിച്ചെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പേരിൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണമെന്നും ഇതു റദ്ദാക്കി വിചാരണ തുടരാൻ ഉത്തരവിടണമെന്നും ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്ന് ബാലചന്ദ്ര കുമാർ പറയുന്നുണ്ടെങ്കിലും ആരാണ്​ നൽകിയതെന്ന്​ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറാമത്തെ പ്രതി ആരാണെന്നും പറഞ്ഞിട്ടില്ല. കോടതിയുടെ അനുമതിയോടെ നടക്കുന്ന തുടരന്വേഷണത്തിൽ ഇടപെടാൻ പ്രതിക്ക് അവകാശമില്ലെന്നും അന്വേഷണം തടയരുതെന്നും കേസിൽ കക്ഷി ചേർന്ന ഇരയായ നടി വ്യക്തമാക്കി. നടിയുടെ വാദം വ്യാഴാഴ്ച തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.