ആലുവ ശിവരാത്രി: ബലിത്തറ ലേലത്തിന്​ പൊലീസ്​ സംരക്ഷണത്തിന്​ ഉത്തരവ്​

കൊച്ചി: ആലുവ മണപ്പുറത്തെ ബലിത്തറ ലേലത്തിന്​ ആവശ്യമെങ്കിൽ പൊലീസ്​ സംരക്ഷണം നൽകണമെന്ന്​ ഹൈകോടതി. ബലിതർപ്പണത്തിന്​ ബലിത്തറകൾ കൈമാറാൻ ചൊവ്വാഴ്ച നടക്കുന്ന ലേല നടപടികളുമായി ബന്ധപ്പെട്ടാണ്​ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​. ഈ മാസം15നും 16നും ലേലം ചെയ്തുകൊടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ ശ്രമങ്ങൾ ഒരുകൂട്ടം പുരോഹിതർ തടഞ്ഞതിനെത്തുടർന്ന്​ മുടങ്ങിയ സാഹചര്യത്തിൽ​ ഹൈകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ്​ ഉത്തരവ്​. ആർച്ചക് പുരോഹിത് സഭയുടെ ആലുവ മണ്ഡലം സെക്രട്ടറി പാനായിക്കുളം രാധാകൃഷ്‌ണ വാധ്യാരുടെ നേതൃത്വത്തിലാണ് ലേലനടപടികൾ തടഞ്ഞതെന്ന് സർക്കാർ അഭിഭാഷകനും ദേവസ്വം ബോർഡിന്റെ അഭിഭാഷകനും അറിയിച്ചതിനെത്തുടർന്ന്​ രാധാകൃഷ്‌ണ വാധ്യാ​രെയും കക്ഷിചേർത്തിരുന്നു. ലേല നടപടികൾ തടസ്സപ്പെടുത്തിയില്ലെന്നാണ് രാധാകൃഷ്ണ വാധ്യാർ അറിയിച്ചത്. എന്നാൽ, പൊലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി ലേലത്തിന് സംരക്ഷണം നൽകാൻ നിർദേശിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.