ഡോ. കെ.ജി. നായർ: ശാസ്ത്രജീവിതത്തിന്​ സമർപ്പിക്കപ്പെട്ട ജീവിതം

കൊച്ചി: ശാസ്ത്രത്തി‍ൻെറ ബലവത്തായ അടിത്തറ സ്കൂൾ വിദ്യാർഥികളിൽ ഉൾചേർക്കാൻ സമർപ്പിച്ച ജീവിതമായിരുന്നു കുസാറ്റ് സെന്‍റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയുടെ ഡയറക്ടറും സര്‍വകലാശാലയിലെ മുന്‍ അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ.ജി. നായരുടേത്. സാമ്പത്തിക കാരണങ്ങളാൽ വിദ്യാഭ്യാസപരമായി പിന്നാക്കാവസ്ഥയിലായിരുന്ന സർക്കാർ സ്കൂൾ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്​ അദ്ദേഹത്തി‍ൻെറ നേതൃത്വത്തിൽ സൊസൈറ്റി അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിച്ചു. ഏറെ ശ്രമകരമായ പ്രവർത്തനങ്ങളിലൂടെയാണ് കുസാറ്റി‍ൻെറ ഔദ്യോഗിക ചട്ടക്കൂടിൽ ഒതുങ്ങാത്ത സെന്‍ററി‍ൻെറ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ അദ്ദേഹം ആദ്യകാലങ്ങളിൽ സ്വരൂപിച്ചത്. ശാസ്ത്ര പ്രചാരകനെന്ന നിലയിലും ശാസ്ത്രസാഹിത്യകാരനെന്ന നിലയിലും ബഹുമുഖ വ്യക്തിത്വമായിരുന്നു ഡോ. കെ.ജി. നായർ. കുസാറ്റില്‍ 1991ല്‍ പ്രവര്‍ത്തനമാരംഭിച്ച ശാസ്ത്ര സമൂഹകേന്ദ്രവും (സി-സിസ്) സയന്‍സ് പാര്‍ക്കും ഇദ്ദേഹത്തി‍ൻെറ ആശയത്തിൽ രൂപംകൊണ്ടതാണ്. ത‍ൻെറ ലളിതമായ കവിതകളിലൂടെയും രചനകളിലൂടെയും കുട്ടികളിലേക്കും സാധാരണക്കാരിലേക്കും ശാസ്ത്രത്തി‍ൻെറ വിജ്ഞാന കൗതുകം എത്തിക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ശാസ്ത്രജ്ഞന്മാരുടെ ജീവിത കഥകളെ മുന്‍നിര്‍ത്തി 1960 ല്‍ അദ്ദേഹം എഴുതിയ 'ശാസ്ത്രവീഥിയിലെ നാഴികക്കല്ലുകള്‍' പുസ്തകം ഏറെ ശ്രദ്ധ നേടി. യു.ജി.സിയുടെ ഹോമി ജെ. ബാബ പുരസ്കാരം, സ്വദേശി സയന്‍സ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും തേടിയെത്തി. ഡോ.കെ.ജി. നായരുടെ വിയോഗം ശാസ്ത്രലോകത്തിന് തീരാനഷ്ടമാണെന്ന് ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റി കേരള ചാപ്റ്റർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.