അജു വധം: ഏഴ്​ പ്രതികളുടെയും ജീവപര്യന്തം ഹൈകോടതി ശരിവെച്ചു

കൊച്ചി: സ്വകാര്യ ബാങ്ക്​ അസി. മാനേജറും എ.ഐ.വൈ.എഫ്​ പ്രാദേശിക നേതാവുമായിരുന്ന ആലപ്പുഴ കാളാത്ത് വൈദേഹി വീട്ടിൽ അജുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ്​ പ്രതികളുടെയും ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. 2008 നവംബർ 16ന് രാത്രി 11.30ഓടെ ആലപ്പുഴ തോപ്പുവെളി ശ്രീരാമക്ഷേത്ര മൈതാനത്ത്​ നടന്ന സംഭവത്തിൽ ആലപ്പുഴ ജില്ല സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ്​ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ശരിവെച്ചത്​. ഒന്നുമുതൽ ഏഴുവരെ പ്രതികളായ ഷിജി ജോസഫ്, ജോസഫ് ആന്റണി, വിജേഷ്, നിഷാദ്, സൈമൺ വി. ജാക്ക്, തോമസ്​കുട്ടി, സിനു വർഗീസ് എന്നിവർ നൽകിയ അപ്പീലുകൾ ഡിവിഷൻ ബെഞ്ച്​ തള്ളി. ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി നടപടിയിൽ ഇടപെടാൻ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​. ഒന്നാംപ്രതി ഷിജി ജോസഫിന്റെ നിർദേശ പ്രകാരം ഇയാളുടെ ജീവനക്കാരായ മറ്റു പ്രതികൾ അജുവിനെയും സുഹൃത്തായ അഭിലാഷിനെയും ആക്രമിച്ചെന്നും ഇരുമ്പുപൈപ്പും തടിക്കഷണങ്ങളുംകൊണ്ടുള്ള ആക്രമണത്തിൽ തലക്ക്​ ഗുരുതര പരിക്കേറ്റ അജു മരിച്ചെന്നുമാണ്​ കേസ്​. അഭിലാഷിന്റെ വീടുപണിയുടെ കരാർ ഷിജിക്ക് നൽകാത്തതിനെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.