കിഫ്ബി അംഗീകരിച്ചവയിൽ ജില്ലയിലെ അഞ്ച്​ പദ്ധതി

കൊച്ചി: കിഫ്ബി ധനാനുമതി നൽകിയ പദ്ധതികളിൽ ഗിഫ്റ്റ് സിറ്റി സ്ഥലമേറ്റെടുപ്പുൾപ്പെടെ ജില്ലയിലെ അഞ്ച് പ്രധാന പദ്ധതിയും. ഗിഫ്റ്റ് സിറ്റിയുൾപ്പെടെ അഞ്ച് പദ്ധതിക്ക്​ ആകെ 2112.86 കോടി രൂപയുടെ പദ്ധതികൾക്കാണ് ജില്ലയിൽ അനുമതി നൽകിയത്. കൊച്ചി-ബംഗളൂരു വ്യവസായിക ഇടനാഴിയുടെ ഭാഗമായുള്ള ഗിഫ്റ്റ്​ സിറ്റിയുടെ സ്ഥലമേറ്റെടുപ്പിന്​ 850 കോടി രൂപയുടെ ധനാനുമതിയാണ് നൽകിയത്, കിൻഫ്രക്കാണ് പദ്ധതി നടത്തിപ്പിന്‍റെ ചുമതല(സ്​പെഷൽ പർപ്പസ് വെഹിക്കിൾ). കേരള റോഡ് ഫണ്ട് ബോർഡിന്​ (കെ.ആർ.എഫ്.ബി) ചുമതലയുള്ള ആലുവ-മൂന്നാർ റോഡിന്‍റെയും അനുബന്ധ ബൈപാസിന്‍റെയും നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പിന് 653.06 കോടി രൂപയുടെ അനുമതി നൽകി. മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡ് നവീകരണ-വികസന പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിന്​ 450.33 കോടിയുടെ അനുമതിയാണ് കിഫ്ബി നൽകിയത്. കെ.ആർ.എഫ്.ബിക്ക്​ കീഴിലെ കൊച്ചി നഗരത്തിലെ പ്രധാന വികസന പദ്ധതികളിലൊന്നായ തമ്മനം-പുല്ലേപ്പടി റോഡ് നവീകരണത്തിനും അനുമതിയായി. 93.90 കോടി രൂപയുടെ ധനാനുമതിയാണ് പദ്ധതിക്ക്​ നൽകിയത്. മലയോര ഹൈവേ പദ്ധതിയായ ചെറങ്ങനാൽ-നേര്യമംഗലം പദ്ധതിയുടെ ഒന്നാംഘട്ട നവീകരണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്, 65.57 കോടിയുടെ അനുമതിയാണ് നൽകിയത്. കെ.ആർ.എഫ്.ബിതന്നെയാണ് ഈ പദ്ധതിയുടെയും നടത്തിപ്പു ചുമതലയുള്ള ഏജൻസി. 1600 കോടി രൂപ മുതൽ മുടക്കിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കപ്പെടുന്ന ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ്) സിറ്റിക്ക്​ അയ്യമ്പുഴയിലെ 500 ഏക്കറാണ് ഏറ്റെടുക്കുന്നത്. സ്വന്തം ലേഖിക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.