കാഞ്ഞൂര്‍, ശ്രീമൂലനഗരം, കാലടി പഞ്ചായത്തുകളിൽ അനധികൃത മണ്ണെടുപ്പ് വ്യാപകം

കാലടി: വിവിധ പഞ്ചായത്തുകളില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകം. കാഞ്ഞൂര്‍, ശ്രീമൂലനഗരം, കാലടി പഞ്ചായത്തുകളിലാണ് മണ്ണെടുപ്പ് വ്യാപകമായി നടക്കുന്നത്. പാടശേഖരങ്ങളില്‍ നിന്നും പശിമയുള്ള നല്ല മണ്ണെടുത്ത് ഇഷ്ടിക കളങ്ങളിലേക്ക് എത്തിക്കുകയാണ്. പ്രധാനമായും രാത്രിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പത്ത് അടിയോളം താഴ്ചയിലാണ് എക്സ്​കവേറ്റർ ഉപയോഗിച്ച് മണ്ണെടുക്കുന്നത്. ഇത്തരം മണ്ണിന് നല്ല വിലയും ലഭിക്കുന്നുണ്ട്. കാലടി പഞ്ചായത്തിലെ മാണിക്യമംഗലം, കാഞ്ഞൂര്‍ കോഴിക്കാടന്‍പടി, ശ്രീമൂലനഗരം തുടങ്ങിയ മേഖലയില്‍ വലിയ വാഹനങ്ങളിലാണ് മണ്ണ് കളങ്ങളിലേക്ക് എത്തിക്കുന്നത്. മണ്ണ് കുഴിച്ചെടുത്ത് സ്ഥലങ്ങളില്‍ വലിയ കുഴികളാകുമ്പോള്‍ പാറമടയില്‍ നിന്നുള്ള വേസ്റ്റും വീട് പൊളിക്കുമ്പോള്‍ ലഭിക്കുന്ന കോണ്‍ക്രീറ്റ് കലര്‍ന്ന മണ്ണും കൊണ്ടുവന്ന് നിക്ഷേപിക്കുകയാണ്. ഇത് നീരുറവ ഉണ്ടാകാതിരിക്കുന്നതിനും വലിയ ജലക്ഷാമത്തിനും ഇടയാക്കും. പൊലീസ്, മൈനിങ്​ ആൻഡ്​ ജിയോളജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ വിവരം അറിയിക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.