കായൽനടുവിൽ മത്സ്യത്തൊഴിലാളികൾ ചേരിതിരിഞ്ഞ് സംഘർഷം

പള്ളുരുത്തി: കുമ്പളങ്ങി -ആഞ്ഞിലത്തറ കല്ലഞ്ചേരി കായലിൽ ചീനവല നീക്കുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗം തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽകലാശിച്ചു. ആഞ്ഞിലിത്തറ കായലി‍ൻെറ മധ്യഭാഗത്തായി സ്ഥാപിച്ച ചീന വലകൾ സംബന്ധിച്ച് കുമ്പളങ്ങിയിലെ ചീനവല തൊഴിലാളികളും, കണ്ണമാലിയിലെ ചെറുവള്ള തൊഴിലാളികളും തമ്മിലാണ് ബഹളവും അടിപിടിയും ഉണ്ടായത്. ചെറുവള്ളങ്ങൾക്ക് മത്സ്യ ബന്ധനത്തിന് തടസ്സം നിൽക്കുന്നതായി കാണിച്ച് കണ്ണമാലി കേന്ദ്രീകരിച്ചുള്ള മത്സ്യത്തൊഴിലാളികൾ ചീനവലകൾക്കെതിരെ പരാതി ഉയർത്തിയിരുന്നു. ഇത് പ്രകാരം 60 ഓളം ചീനവലകൾ ഇവിടെനിന്ന്​ നീക്കണമെന്ന് ഫിഷറീസ് വകുപ്പ് ഉടമകൾക്ക്​ നോട്ടീസ് നൽകിയിരുന്നു. രണ്ടാഴ്ചക്കകം നീക്കണമെന്നായിരുന്നു നോട്ടീസ്. എന്നിട്ടും വലകൾ നീക്കാത്തതിനെ തുടർന്ന് ഷിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിക്കുന്ന ഘട്ടത്തിലാണ് പരാതി നൽകിയ കണ്ണമാലിയിലെ ചെറുവള്ളങ്ങളിലെ തൊഴിലാളികൾ എത്തിയത്​. ഇതോടെ കുമ്പളങ്ങിയിൽ തൊഴിലാളികളും വള്ളങ്ങളുമായി കായൽ മധ്യഭാഗത്തേക്ക് എത്തി. എൻജിൻ ഘടിപ്പിച്ച ചെറുവള്ളങ്ങളിൽ എത്തിയ തൊഴിലാളികൾ ചീനവലകൾ തകർക്കാനായി വലകളുടെ തട്ടുകളിലേക്ക്​ ചാടിക്കയറി. ഇവരെ പ്രതിരോധിക്കാനായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കായൽമധ്യത്തിൽ വള്ളങ്ങളിൽ എത്തി. കായൽ മധ്യത്തിൽ മുഖാമുഖംനിന്ന് വെല്ലുവിളികൾ പരസ്പരം ഉയർത്താൻ തുടങ്ങി. തിങ്കളാഴ്ച രാവിലെ10 മണിയോടെയായിരുന്നു സംഘർഷം ആരംഭിച്ചത്. ഇരുകൂട്ടരെയും പിന്തിരിപ്പിക്കാൻ ജില്ല പഞ്ചായത്തംഗം ദീപു കുഞ്ഞുകുട്ടി, പഞ്ചായത്ത് അംഗം ജാസ്മിൻ രാജേഷ് എന്നിവർ അനുനയ ചർച്ചകൾ നടത്തിയെങ്കിലും ഇതൊന്നും അംഗീകരിക്കാൻ കണ്ണമാലിക്കാർ തയാറായില്ല. ഇതിനിടയിൽ ചീനവല തൊഴിലാളികളുടെ ചില വള്ളങ്ങൾ മുക്കിക്കളഞ്ഞതായും പറയുന്നു. തുഴ ഉപയോഗിച്ച് മർദിച്ചതായും ആരോപണമുണ്ട്. സംഘർഷം രൂക്ഷമായി തുടർന്നതോടെ അംഗബലം കുറവായ ചീനവല തൊഴിലാളികൾ കുമ്പളങ്ങി ആഞ്ഞിലിത്തറ കരയിലേക്ക് പിൻവലിഞ്ഞു. ഇതിനിടയിൽ15 ഓളം ചീനവലകൾ കണ്ണമാലിയിൽ നിന്നെത്തിയ തൊഴിലാളികൾ പൊളിച്ചതായും പറയുന്നു. ഓരോ ചീനവലക്കും ഒരു ലക്ഷം മുതൽരണ്ടു ലക്ഷം രൂപവരെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഇവർ പറഞ്ഞു. അതേസമയം അനധികൃതമായി കുമ്പളങ്ങി, കല്ലഞ്ചേരി ,പെരുമ്പടപ്പ് ഭാഗങ്ങളിൽ നൂറുകണക്കിന് ചീനവലകൾ നില നിൽക്കുന്നുണ്ടെന്ന് കണ്ണമാലിയിലെ ചെറുവള്ളങ്ങളിലെ തൊഴിലാളികൾ പറയുന്നു. ഇത് വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമാകുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഫിഷറീസ് വകുപ്പ് നോട്ടീസ് നൽകിയതെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചീനവല നീക്കം ചെയ്യാൻ വിദഗ്​ധ തൊഴിലാളികളെ നിയോഗിച്ചതായും അസി. ഫിഷറീസ് ഇൻസ്പെക്ടർ ഷെനൂബ് പറഞ്ഞു. പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ സിൽവർസ്റ്റർ, എസ്.ഐ.വൈ. ദീപു എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചിത്രം: കായൽ മധ്യത്തിൽ ഇരുവിഭാഗം തൊഴിലാളികൾ തമ്മിൽ ബഹളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.