ഉത്സവപ്പറമ്പിലെ തർക്കം: യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ച്​ എയർഗൺ ഉപയോഗിച്ച് നിറയൊഴിച്ചു

മാരാരിക്കുളം: ഉത്സവപ്പറമ്പിലെ തർക്കത്തെത്തുടർന്ന് ചാരമംഗലത്ത് യുവാക്കളെ വഴിയിൽ തടഞ്ഞ് വെട്ടി. കൂടാതെ എയർഗൺ ഉപയോഗിച്ച് നിറയൊഴിച്ചു. സംഭവത്തിൽ നാലുപേർക്ക് പരിക്കുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാർഡ് കന്ന്യേൽക്കോണിൽ നിഖിൽ രാജ്(26), കന്ന്യേൽക്കോണിൽ അശ്വന്ത് (23), ചങ്ങരത്തിൽ കൃഷ്ണദേവ് (20), അകത്തൂട്ട് പറമ്പിൽ ആദിത്യൻ ഉണ്ണി(19) എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മ പുത്തനമ്പലം റോഡിൽ പോളക്കാടൻ കവലയിൽ ശനിയാഴ്ച അർധരാത്രിയിലാണ് സംഭവം. മുഹമ്മ കാട്ടുകട ഘണ്ടാകർണ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് യുവാക്കൾ തമ്മിൽ തർക്കമുണ്ടായത്. സന്ധ്യക്ക്​ ക്ഷേത്രവളപ്പിൽ യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായി. കണ്ണിൽ മുളകുപൊടിയേറ് വരെ നടന്നു. ഈ സംഘർഷത്തിന്റെ തുടർച്ചയായി ഒരുസംഘം യുവാക്കൾ പത്തോളം ഇരുചക്ര വാഹനങ്ങളിൽ എത്തി പോളക്കാടൻ പ്രദേശത്തെ യുവാക്കളെ ആക്രമിക്കുകയായിരുന്നു. എയർഗൺ ഉപയോഗിച്ച് രണ്ട് നിറയൊഴിച്ചപ്പോൾ ആദിത്യൻ ഉണ്ണിയുടെ കാലുകൾക്ക് പരിക്കേറ്റു. നിഖിൽ രാജ്, കൃഷ്ണദേവ് എന്നിവരുടെ തലക്കാണ് വെട്ടേറ്റത്. അശ്വന്തിന്റെ മൂക്കിനും വെട്ടേറ്റു. ക്ഷേത്രത്തിൽനിന്ന് മടങ്ങിവരും വഴി പോളക്കാടൻ കവലയിൽ സംഘട്ടനം നടക്കുന്നത് കണ്ട് നോക്കി നിന്നപ്പോഴാണ് ആദിത്യൻ ഉണ്ണിയുടെ കാലുകൾക്ക് വെടിയേറ്റത്. പരിക്കേറ്റ എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക്​ സാരമായി പരിക്കേറ്റ നിഖിൽ രാജിനെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. മാരാരിക്കുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.