ദാഹജലമില്ലാതെ ആലുവ; ആശ്വാസവുമായി പൗരാവകാശ സംരക്ഷണ സമിതി

ആലുവ: ജല അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലം ദാഹജലമില്ലാതെ തൊണ്ടവറ്റി ആലുവ. നഗരസഭയടക്കമുള്ള അധികൃതർ ജനങ്ങളെ കൈയൊഴിഞ്ഞപ്പോൾ ആശ്വാസവുമായി പൗരാവകാശ സംരക്ഷണ സമിതി രംഗത്തെത്തി. നഗരത്തിൽ കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ടാണ് കുടിവെള്ള ക്ഷാമമുണ്ടായത്. മാസങ്ങളായി ഈ പണികൾ ഇഴഞ്ഞുനീങ്ങുകയാണ്. പൈപ്പുകളിലെ ഇന്‍റർകണക്​ഷൻ വാൽവ് യോജിപ്പിക്കുന്നതിനായാണ് ജലവിതരണം തടഞ്ഞിരിക്കുന്നത്. ഇതി‍ൻെറ ഭാഗമായി വ്യാഴാഴ്ച മുതൽ കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. കുടിവെള്ള വിതരണം നിലക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ജല അതോറിറ്റി, ജനങ്ങൾ ആവശ്യത്തിനുള്ള വെള്ളം ശേഖരിച്ച് വെക്കണമെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിവാകുകയായിരുന്നു. ഉയർന്ന പ്രദേശങ്ങളിൽ എല്ലാ ദിവസവും വെള്ളം വിതരണം ചെയ്താൽപോലും ആവശ്യത്തിന് ലഭിക്കാറില്ല. അതിനിടയിലാണ് തുടർച്ചയായി മൂന്നുദിവസം വിതരണം നിലച്ചത്. വെള്ളിയാഴ്ച വൈകീട്ട്​ ആയപ്പോഴേക്കും ഒരിറ്റ് വെള്ളമില്ലാത്ത അവസ്ഥയിലായി. ചില കൗൺസിലർമാർ ജല അതോറിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും വെള്ളമെത്തിക്കാനുള്ള നടപടിയുണ്ടായില്ല. തുടർന്ന് നാട്ടുകാരുടെയും ഏതാനും കൗൺസിലർമാരുടെയും അഭ്യർഥനപ്രകാരം ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ഇടപെടുകയായിരുന്നു. ഇതി‍ൻെറ ഭാഗമായി ശനിയാഴ്ച രാവിലെ ഏഴുമുതൽ കുടിവെള്ള വിതരണം ആരംഭിച്ചു. എട്ട്, ഒമ്പത്, 10, 20 വാർഡുകളിലാണ് കുടിവെള്ള വിതരണം നടത്തിയത്. സമിതി സെക്രട്ടറി സാബു പരിയാരത്ത്, ബിനീഷ് ഗോപിനാഥ് (കണ്ണൻ), മോഹനൻ, മുസ്തഫ കൗൺസിലർമാരായ കെ.വി. സരള, ജയകുമാർ, ശ്രീലത രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ea yas7 drinking water താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആലുവയിൽ കുടിവെള്ള വിതരണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.