മോച്ചാംകുളത്തിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ്; എതിർപ്പുമായി പഞ്ചായത്ത് 

എടത്തല: പഞ്ചായത്തിലെ മോച്ചാംകുളത്തിൽ ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനം വിവാദത്തിൽ. 10ാം വാർഡിൽ കെ.എം.ഇ.എ കോളജിന് സമീപം സ്ഥിതിചെയ്യുന്ന കുളം സംരക്ഷിക്കുന്നതി‍ൻെറ ഭാഗമായാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇതിനെതിരെ എതിർപ്പുമായി പഞ്ചായത്ത് രംഗത്തുവന്നിരിക്കുകയാണ്‌. പഞ്ചായത്ത് അധികൃതർ സി.പി.എമ്മിനുവേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന്​ ഇവർ ആരോപിച്ചു. കാലങ്ങളായി ശോച്യാവസ്ഥയിലായിരുന്നു കുളം. സംരക്ഷണമില്ലാതെ ചളിയും പായലും നിറഞ്ഞ് വെള്ളം ഉപയോഗശൂന്യമായിക്കിടക്കുകയായിരുന്നു. പ്രദേശിക ക്ലബ് അംഗങ്ങൾ ചേർന്ന് കുളം ശുചീകരിച്ചു. ശുദ്ധജലമത്സ്യങ്ങൾ നിക്ഷേപിക്കാൻ കോൺഗ്രസി‍ൻെറ കീഴിൽ പ്രവർത്തിക്കുന്ന സി.സി.സി.കെ എന്ന ചാരിറ്റി സംഘടനയെ ക്ലബ് ഭാരവാഹികൾ സമീപിക്കുകയായിരുന്നു. തുടർന്ന്​ കുളത്തിൽ മീൻ നിക്ഷേപത്തിന് തയാറാവുകയും ചെയ്തു. എന്നാൽ, സി.പി.എം മാളേക്കപ്പടി ബ്രാഞ്ച് കമ്മിറ്റി ഇതിനെതിരെ പഞ്ചായത്തിൽ പരാതി നൽകുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിക്കുന്നു. തുടർന്ന് കോൺഗ്രസ് നടത്താനിരുന്ന മത്സ്യനിക്ഷേപം റദ്ദാക്കി. ഇതിനുശേഷം സി.പി.എം പരാതിയെ മറികടന്ന് യൂത്ത് കോൺഗ്രസ് വരുന്ന ഞായറാഴ്ച മോച്ചാംകുളത്തിൽ മത്സ്യനിക്ഷേപം നടത്താൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. ഇതിനെതിരെ പഞ്ചായത്ത് എടത്തല പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്​. എന്നാൽ, പരാതി വകവെക്കാതെ കുളത്തിൽ ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുമെന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.