ഏലൂർ നഗരസഭ: സൗജന്യ കുടിവെള്ള വിതരണ പദ്ധതി കരാർ ഉടൻ

കളമശ്ശേരി: ഏലൂർ നഗരസഭയിലെ ഒമ്പത് വാർഡുകളിലെ സൗജന്യ കുടിവെള്ള വിതരണ പദ്ധതിയുടെ കരാർ ഉടൻ ധാരണയാക്കാൻ തീരുമാനം. ഏലൂർ നഗരസഭയിൽ ചെയർമാൻ എ.ഡി. സുജിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 1.6 എം.എൽ.ഡി വെള്ളം ഈ പ്രദേശത്തേക്ക് വിതരണം ചെയ്യുമ്പോൾ ഫാക്ടിന് മറ്റ് വ്യവസായ സ്ഥാപനങ്ങൾ നൽകേണ്ട തുകയിൽ അടച്ച് പൂട്ടിയ കമ്പനിയുടെ വിഹിതം സംബന്ധിച്ച് തർക്കങ്ങളാണ് ധാരണാപത്രം വൈകാൻ കാരണം. അടച്ച് പൂട്ടിയ കമ്പനിയുടെ വിഹിതം കോടതി വിധിക്ക് ബാധകമായി നടപ്പാക്കാനും, പി.സി.ബി. ചെയർമാന്റെ നേതൃത്വത്തിൽ കരാറിലെ പ്രശ്നങ്ങൾ അവസാനിപ്പിച്ച് മൂവായിരം കുടുംബങ്ങളുടെ സൗജന്യ കുടിവെള്ള പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. ഫാക്ട് നൽകുന്ന അധിക ഒരു എം.എൽ.ഡി വെള്ളം സംബന്ധിച്ച കരാറും ഉടൻ നടപ്പാക്കാൻ വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി. കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ നടപടികൾ ഈ പ്രദേശത്ത് നടപ്പാക്കുമ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ പരിശോധിക്കാനും നിർദേശിച്ചു. നഗരസഭ ചെയർമാൻ എ.ഡി. സുജിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എ. ഷെരീഫ്, കൗൺസിലർമാരായ പി.എം. അയൂബ്, കെ.ആർ. കൃഷ്ണപ്രസാദ് നഗരസഭ സെക്രട്ടറി പി.കെ. സുഭാഷ്, പി.സി.ബി വാട്ടർ അതോറിറ്റി - വ്യവസായ ശാലകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.