മാന്ത്ര കനാലിലെ മാലിന്യം നീക്കാൻ പ്രത്യേക ചങ്ങാടം

മട്ടാഞ്ചേരി: രാമേശ്വരം-മാന്ത്ര കനാലിലെ മാലിന്യം നീക്കാൻ പ്രത്യേക ചങ്ങാടമൊരുക്കി കൗൺസിലർ. ഇടത്തോടുകളിലെ മാലിന്യം നീക്കുന്നതിൽ ഫ്ലോട്ടിങ് ക്രെയിനുകളേക്കാൾ ഉചിതം പ്രത്യേകം തയാറാക്കിയ ചങ്ങാടമാണെന്നാണ് കൗൺസിലർ ജെ. സനിൽമോന്‍റെ അഭിപ്രായം. അദ്ദേഹംതന്നെ ഒഴിഞ്ഞ പ്ലാസ്റ്റിക് വീപ്പകൾ ചേർത്ത് പ്രത്യേക ചങ്ങാടവും തയാറാക്കി. ഡിവിഷനിലൂടെ കടന്നുപോകുന്ന രാമേശ്വരം കനാലിൽ അടിഞ്ഞുകൂടിയ പോളപ്പായലും പ്ലാസ്റ്റിക് മാലിന്യവും മൂലം നീരൊഴുക്ക് തടസ്സപ്പെട്ടതോടെയാണ് ഇത്തരമൊരു ആശയം മൊട്ടിട്ടത്. കനാലിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ, ഭിത്തികളിൽനിന്ന്​ കനാലിലേക്ക് നീളുന്ന വള്ളിപ്പടർപ്പുകൾ ഇവയൊക്കെ വെട്ടിമാറ്റാനും ചങ്ങാടം ഉപയോഗപ്പെടുത്തി. 4800 രൂപയാണ് ചങ്ങാടത്തിന് ചെലവായത്. രണ്ട് തൊഴിലാളികൾക്ക് കയറിനിന്ന് മാലിന്യം നീക്കംചെയ്യാൻ കഴിയും. ചുള്ളിക്കൽ കുമാർ ജങ്ഷൻ മുതൽ കമ്പിവേലിക്കകം വരെയുള്ള കനാൽ ശുചീകരിച്ചു. ചിത്രം: ചങ്ങാടം ഉപയോഗിച്ചുള്ള ശുചീകരണം സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. അഷ്​റഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.