ലോറിയിൽനിന്ന് റോഡിലേക്ക് കണ്ടെയ്‌നർ വീണു; അപകടം ഒഴിവായി

കൊച്ചി: ബോൾഗാട്ടിയിൽ ലോറിയിൽനിന്ന് റോഡിലേക്ക് കണ്ടെയ്‌നർ തെറിച്ചുവീണു, ആളപായമില്ല. വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഈ സമയത്ത് ഇതുവഴി കടന്നു പോകുന്നുണ്ടായിരുന്നു. വൻ ദുരന്തമാണ് ഒഴിവായതെന്നും പൊലീസ് വ്യക്തമാക്കി. വല്ലാർപാടത്തേക്ക് വന്ന കണ്ടെയ്‌നർ ലോറി ബോൾഗാട്ടിയിലെ പാർക്കിങ് പ്രദേശത്തെ വളവിൽ തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപ റോഡിൽനിന്ന് ബൈക്ക് വേഗത്തിൽ കയറി വന്നപ്പോൾ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെയാണ് അപകടമെന്നും കണ്ടെയ്നർ കൃത്യമായി ലോറിയിൽ ഘടിപ്പിക്കാതിരുന്നതിനാലാണ് റോഡിലേക്ക് വീണതെന്നുമാണ് പൊലീസ് കരുതുന്നത്. സംഭവത്തെത്തുടർന്ന് ബോൾഗാട്ടി, ഗോശ്രീ, കണ്ടെയ്‌നർ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ക്രെയിനുപയോഗിച്ച് കണ്ടെയ്‌നർ റോഡരികിലേക്ക് മാറ്റി. ലോറി മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.