പുലിക്കുട്ടിയെ തിരികെ കാട്ടിലേക്കയക്കണമെന്ന ഹരജി; സർക്കാറിന്‍റെ വിശദീകരണം തേടി

കൊച്ചി: പാലക്കാട്ട് അകത്തേത്തറയിൽ പിടികൂടിയ പുലിക്കുട്ടിയെ കാട്ടിലേക്കയക്കുകയും തള്ളപ്പുലിയെ വെടിവെക്കാനുള്ള നീക്കം തടയുകയും ചെയ്യണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തിയ രണ്ടു പുലിക്കുട്ടികളിൽ ശേഷിക്കുന്ന ഒന്നിനെ കാട്ടിലേക്ക്​ വിടണമെന്നും കുഞ്ഞിനെ തിരഞ്ഞ് ഗ്രാമത്തിലിറങ്ങുന്ന തള്ളപ്പുലിയെ വെടിവെക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന നീക്കം തടയണമെന്നുമാവശ്യപ്പെട്ട് ആനിമൽ ലീഗൽ ഫോഴ്‌സ് ഇന്റഗ്രേഷൻ ജനറൽ സെക്രട്ടറി ഏഞ്ചൽസ് നായർ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ എൻ. നഗരേഷ്​ വിശദീകരണം തേടിയത്​. ജനുവരി ഒമ്പതിനാണ് പുലിക്കുട്ടികളെ വീട്ടിൽ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവയെ എടുത്തു കൊണ്ടുപോയെങ്കിലും തള്ളപ്പുലിയെ പിടിക്കാൻ പുലിക്കുട്ടികളെ കൂട്ടിലാക്കി കെണിയൊരുക്കി. എന്നാൽ, പുലിയെ പിടികൂടാൻ കഴിഞ്ഞില്ല. കുട്ടികളിൽ ഒന്നിനെ തള്ളപ്പുലി കൊണ്ടുപോയെന്നും മറ്റൊന്ന് തങ്ങളുടെ പക്കലുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നതായി ഹരജിയിൽ പറയുന്നു. അകത്തേത്തറയിലെ പുലിശല്യം പരിഹരിക്കാൻ മന്ത്രി കെ. കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. പുലിയെ വെടിവെക്കാൻ അനുമതി തേടിയിട്ടുണ്ടെന്നും ഇതനുവദിക്കരുതെന്നും ഹരജിയിൽ പറയുന്നു. വന്യ ജീവികളെ കൊല്ലാൻ ഉത്തരവിടുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന വനസംരക്ഷണ നിയമത്തിലെ സെക്​ഷൻ 11 റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പുലിക്കുട്ടിയെ കാട്ടിലേക്ക് തിരിച്ചയക്കാത്തതെന്തെന്ന് ഹരജി പരിഗണിക്കവേ കോടതി ആരാഞ്ഞു. തുടർന്നാണ്​ വിശദീകരണം തേടി ഹരജി മാറ്റിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.