കാക്കനാട് ക്യു.ആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പ്; രണ്ടു വ്യാപാരികൾക്ക് പണം നഷ്ടമായി

കാക്കനാട്: വ്യാജ യു.പി.ഐ കോഡുകളുപയോഗിച്ച് പണം തട്ടുന്നതായി പരാതി. പേടിയെം, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പേമെന്‍റ് ആപ്പുകളുടെ ക്യു.ആർ കോഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പ്. കാക്കനാടിന് സമീപം പടമുകളിലെ രണ്ട് വ്യാപാരികൾക്കാണ് തട്ടിപ്പിൽ പണം നഷ്ടമായത്. ഇവിടെയുള്ള വള്ളക്കടവ് ഫിഷ് ഷോപ്പിലും ഇതിനോട് ചേർന്ന് കോഴിക്കടയിലുമാണ് ബുധനാഴ്ച തട്ടിപ്പ് നടന്നത്. രണ്ട് കടകളിലും പ്രദർശിപ്പിച്ചിരുന്ന ക്യു.ആർ കോഡിന് പകരം തട്ടിപ്പുകാർ അവരുടെ കോഡ് ഒട്ടിക്കുകയായിരുന്നു. മത്സ്യ കടയുടെ അകത്ത് വെച്ചിരുന്ന കോഡിന്റെ കൃത്യം അളവിലായിരുന്നു പുറത്തെ ഗ്ലാസിൽ ഒട്ടിച്ചിരുന്നത്. ഉസ്മാന്റെ കടയിൽനിന്ന് രാവിലെ മത്സ്യം വാങ്ങിയവർ അയച്ച പണമെല്ലാം തട്ടിപ്പുകാർക്കായിരുന്നു ലഭിച്ചത്. മത്സ്യ കടയുടമയായ ഉസ്മാന് 2500 രൂപയും അന്തർ സംസ്ഥാന തൊഴിലാളിയായ കോഴിക്കട ഉടമയ്ക്ക് 1500ഓളം രൂപയുമാണ് നഷ്ടപ്പെട്ടത്. കോഡ് സ്കാൻ ചെയ്ത് പണം അയക്കുമ്പോൾ കണ്ണൻ എന്ന് പേരുള്ള അക്കൗണ്ടിലേക്കായിരുന്നു പണം പോയിരുന്നത്. ഏറെ നേരമായിട്ടും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം എത്തിയതിനെ സന്ദേശങ്ങളൊന്നും വരാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ്​ തട്ടിപ്പ് മനസ്സിലായത്. തട്ടിപ്പിന് തെളിവ് ലഭിക്കാതിരിക്കാൻ കൈകൊണ്ട് തൊട്ടാൽ മാഞ്ഞുപോകുന്ന രീതിയിലുള്ള മഷി ഉപയോഗിച്ചായിരുന്നു ക്യു.ആർ കോഡുകൾ നിർമിച്ചതെന്ന് ഉസ്മാൻ പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.