ബസവന ഗൗഡയുടെ കൈകൾ പിടിച്ച്​, നേവിസിനെ തൊട്ട്​​ സാജനും ഷെറിനും

കൊച്ചി: ആശുപത്രി വരാന്തയിലൂടെ നേവിസിന്‍റെ കൈകളുമായി നടന്നുവന്ന ബസവന ഗൗഡയെ കണ്ടപ്പോൾ ഈറനണിഞ്ഞത്​ ഒരുപാട്​ കണ്ണുകൾ. സന്തോഷത്താൽ വാക്കുകൾ ഇടറവെ സാജൻ മാത്യുവും ഷെറിനും ബസവന ഗൗഡയുടെ കൈകൾ ചേർത്തുപിടിച്ചു. ബുധനാഴ്ച രാവിലെ 11ഓടെയാണ് എറണാകുളം അമൃത ആശുപത്രിയിൽ ആ സമാഗമം. മരണാനന്തരം കൈകൾ ദാനം ചെയ്ത കോട്ടയം വടവാതൂർ സ്വദേശി നേവിസ് സാജൻ മാത്യുവിന്‍റെ കുടുംബാംഗങ്ങൾ ഇരുകൈയും വിജയകരമായി മാറ്റിവെക്കപ്പെട്ട കർണാടക ബെല്ലാരി സ്വദേശി ബസവന ഗൗഡയെ കാണാനാണ്​ എത്തിയത്​. നേവിസിന്‍റെ പിതാവ് സാജൻ മാത്യു, മാതാവ് ഷെറിൻ, സഹോദരൻ എൽവിസ്, സഹോദരി വിസ്​മയ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ''ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് ഈ രണ്ടു കൈകൾ'' -സാജൻ മാത്യു പറഞ്ഞു. നേവിസിന്‍റെ ഒരു ഫോട്ടോ ബസവന ഗൗഡയുടെ കൈയിലേക്ക് സമ്മാനിച്ചാണ് കുടുംബാംഗങ്ങൾ ആശുപത്രിയിൽനിന്ന് മടങ്ങിയത്. ഇരുകൈയും ഉയർത്തി നേവിസിന്‍റെ കുടുംബാംഗങ്ങളോട് നന്ദി പറഞ്ഞ് ബസവന ഗൗഡ അവരെ യാത്രയാക്കി. ആശുപത്രിയിലെ സെന്‍റർ ഫോർ പ്ലാസ്റ്റിക് ആൻഡ്​ റീ കൺസ്ട്രക്റ്റിവ് സർജറി വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്‌മണ്യ അയ്യർ, മേധാവി ഡോ. മോഹിത് ശർമ, സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. അജോയ് മേനോൻ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവിടെ വിജയകരമായി പൂർത്തിയാക്കിയ ഒമ്പതാമത്തെ കൈ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ്​ ഇത്. 34കാരനായ ബസവന ഗൗഡ ബെല്ലാരിയിലെ ഒരു റൈസ് മില്ലിൽ ബോയിലർ ഓപറേറ്ററായിരുന്നു. 2011 ജൂലൈയിൽ വൈദ്യുതാഘാതമേറ്റാണ് കൈകൾ നഷ്ടമായത്. വടവാതൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിൽ നേവിസ് ഫ്രാൻസിൽ അക്കൗണ്ടിങ് ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. സെപ്റ്റംബർ 19നാണ് അസുഖത്തെ തുടർന്ന് അബോധാവസ്ഥയിലായ നേവിസിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ആരോഗ്യനിലയിൽ മാറ്റമില്ലാതെ വന്നതിനെ തുടർന്ന് പിറ്റേന്ന്​ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. എല്ലാവിധ വൈദ്യസഹായങ്ങളും ലഭ്യമാക്കിയെങ്കിലും സെപ്റ്റംബർ 25ന് പുലർച്ചയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്നാണ് അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത്. ഹൃദയം, കരൾ, വൃക്കകൾ, കോർണിയ, കൈകൾ എന്നിവയാണ് ദാനം ചെയ്തത്. EKG AB 2 മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവാതൂർ സ്വദേശി നേവിസ് സാജൻ മാത്യുവിന്‍റെ ഇരുകൈയും മാറ്റിവെക്കപ്പെട്ട കർണാടക ബെല്ലാരി സ്വദേശി ബസവന ഗൗഡയെ കാണാനെത്തിയ നേവിസിന്‍റെ മാതാവ്​ ഷെറിൻ മാത്യുവും പിതാവ് സാജൻ മാത്യുവും അവയവദാനത്തിലൂടെ നൽകിയ മകന്‍റെ കൈകൾ ചേർത്തുപിടിച്ച് വിതുമ്പുന്നു. ശസ്ത്രക്രിയ നടത്തിയ ഡോ. സുബ്രഹ്​മണ്യ അയ്യർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.