കൈത്താങ്ങിന്​ കാത്തിരിക്കാതെ അനന്തകൃഷ്ണന്‍ വിടചൊല്ലി

അമ്പലപ്പുഴ: ഒരു നാടിന്‍റെ കരുതലിന് കാത്തിരിക്കാതെ അനന്തകൃഷ്ണന്‍ യാത്രയായി. തകഴി പഞ്ചായത്ത് ആറാംവാർഡ് വിരുപ്പാല ശബരിയിൽ അനിൽകുമാർ-അനിതകുമാരി ദമ്പതികളുടെ മകൻ അനന്തകൃഷ്ണനാണ് (24) നാടിനെ കണ്ണീരണിയിച്ച് വിടപറഞ്ഞത്. ഈ മാസം രണ്ടിന് തകഴി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിച്ച അനന്തകൃഷ്ണന് രാത്രി 8.30ഓടെ കാറിടിച്ചാണ് പരിക്കേറ്റത്. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കുള്ളതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയക്കും മറ്റുമായി അഞ്ചുലക്ഷം രൂപ കണ്ടെത്താൻ കുടുംബത്തിന് കഴിയാതെ വന്നതോടെയാണ് അനന്തകൃഷ്ണന്‍റെ ചികിത്സക്ക്​ നാട് കൈകോർക്കാൻ തീരുമാനിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും അനന്തകൃഷ്ണന്‍റെ ജീവൻ നിലനിർത്താൻ ധനസമാഹരണം നടത്തുന്നതിനിടെ എല്ലാവരെയും കണ്ണീരിലാഴ്ത്തി ബുധനാഴ്ച രാവിലെ 11.30ഓടെ വിടവാങ്ങി. തകഴി ക്ഷേത്രത്തിലെ താൽക്കാലിക നാദസ്വര ജീവനക്കാരനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.