തരം മാറ്റിയ രേഖ വീട്ടിൽ എത്തിച്ചു കൊടുക്കും -മന്ത്രി

പറവൂർ: കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി മാല്യങ്കര കോയിക്കൽ സജീവന്‍റെ കുടുംബത്തിന് നീതി ലഭിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. സജീവന്‍റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമിയുടെ തരം മാറ്റിയ രേഖ വീട്ടിൽ എത്തിച്ചു കൊടുക്കാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. കുറ്റക്കാർ ആരായാലും നടപടിയെടുക്കും. വിവരം അറിഞ്ഞ ഉടനെ ലാൻഡ് റവന്യൂ ജോയന്റ് കമീഷണർ ജെറോമിക് ജോർജിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജെ. ജയതിലക് ഞായറാഴ്ച നേരിട്ട് കലക്ടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെയും കൂടി അടിസ്ഥാനത്തിൽ ധനസഹായത്തിന്‍റെ കാര്യം മന്ത്രിസഭ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സജീവന്‍റെ മകൻ നിഥിൻദേവ് വിശദമായ പരാതി മന്ത്രിക്ക് നൽകി. വീട്ടുകാരുടെ പരാതി കേൾക്കാൻ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥർ രണ്ട് ദിവസത്തിനുള്ളിൽ എത്തുമെന്ന്​ അറിയിച്ചു. ചെറിയ അളവിലുള്ള ഭൂമികൾക്ക് പ്രത്യേക പ്രാമുഖ്യം കൊടുത്ത് അതിവേഗം ഫയലുകൾ പരിഹരിക്കാൻ ശ്രമിക്കും. നിലനിൽക്കുന്ന പരാതികൾ എല്ലാവർക്കും കാണാൻ കഴിയുന്ന തരത്തിൽ അതത് ഓഫിസുകളിൽ പരസ്യമായി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുൻ മന്ത്രി എസ്. ശർമ, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, കാർഷിക കടാശ്വാസ കമീഷനംഗം കെ.എം. ദിനകരൻ, ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡൻറ് രശ്മി അനിൽകുമാർ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പടം ER sajeevante kudumbathine 1 മന്ത്രി കെ. രാജൻ സജീവന്‍റെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.