വോട്ടർ പട്ടികയിൽ ആശയക്കുഴപ്പം: തെരഞ്ഞെടുപ്പ് കമീഷന് കോൺഗ്രസ് പരാതി നൽകി

അങ്കമാലി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് പുറത്തിറക്കിയ വോട്ടർ പട്ടികക്കുശേഷം മണ്ഡലത്തിൽ പുതുതായി ചേർത്തവരെ ഉൾപ്പെടുത്തിയ വോട്ടർപട്ടികയിൽ വ്യാപക ആശയക്കുഴപ്പമുള്ളതായി കോൺഗ്രസ്​. മരിച്ചവരെയും ബൂത്തുകളിൽ നിലവിലില്ലാത്തവരെയും നീക്കിയിട്ടും അവർ വീണ്ടും പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് പട്ടികയിൽ വന്ന ഇരട്ട വോട്ടുകൾ ഒഴിവാക്കാതെയും കരട് പട്ടിക പ്രസിദ്ധീകരിക്കാതെയും 2022 ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലാണ് ഏറെ അപാകതകളുള്ളത്. ബൂത്ത് ലെവൽ ഓഫിസർമാരും (ബി.എൽ.ഒ.) രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്‍റുമാരും (ബി.എൽ.എ.) കഠിനശ്രമം നടത്തിയത് ഫലം കാണാതെ വന്നതായാണ്​ ആരോപണം. ഒരു വീട്ടിലെ അംഗങ്ങളെ ബൂത്തിന്റെ പല കോണിലാക്കി മാറ്റിയും കിഴക്കുള്ളവരെ ക്രമനമ്പർ നോക്കാതെ പടിഞ്ഞാറാക്കിയും കുറേ പേരെ ബൂത്തിന്റെ മധ്യത്തിലാക്കിയതായും ആരോപണമുണ്ട്. ഇതുവരെയുള്ള ക്രമനമ്പർ തെറ്റിച്ച് പട്ടികയിലുള്ളവരെ പല തട്ടിലാക്കിയാണ് പുതിയത്​ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ തിരുവനന്തപുരം ഓഫിസിലാണ് ഈ മറിമായം നടന്നതെന്നാണ് പറയുന്നത്. അപാകതകൾ മൂലം രാഷ്ട്രീയ കക്ഷികളുടെ ബൂത്തുതല പ്രവർത്തകർ അത് ക്രമത്തിലാക്കാൻ വിഷമിക്കുകയാണ്. ഓരോ വീട്ടിലെ അംഗങ്ങളെ പട്ടികയുടെ പലകോണിൽനിന്ന്​ പെറുക്കിയെടുത്ത് ക്രമത്തിലാക്കുന്ന അക്ഷീണ പ്രയത്നമാണ് വേണ്ടിവന്നിരിക്കുന്നത്. വോട്ടർമാരയും പാർട്ടി പ്രവർത്തകരെയും വെട്ടിലാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജോർജ് ഒ. തെറ്റയിൽ തെരഞ്ഞെടുപ്പ് കമീഷൻ, കലക്ടർ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.