തെരുവോരങ്ങളിൽ കഴിയുന്ന കുട്ടികളുടെ പുനരധിവാസം: ജില്ലയിൽ പരിശോധന വ്യാപകമാക്കും

കൊച്ചി: തെരുവുകളിൽ കഴിയുന്ന കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുക ലക്ഷ്യത്തോടെ രാജ്യവ്യാപകമായി ആരംഭിക്കുന്ന ബാൽസ്വരാജ് പദ്ധതിയുടെ പ്രവർത്തനങ്ങളും തുടർപദ്ധതികളും ചർച്ച ചെയ്യാനായി കലക്ടർ ജാഫർ മാലിക്കി‍ൻെറ അധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം ചേർന്നു. ജില്ലയിൽ തെരുവുകളിൽ അലയുന്ന കുട്ടികളെ കണ്ടെത്തുന്നതിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുമായി വിവിധ വകുപ്പുകൾ സംയുക്തമായി പ്രവ‍‍‍ർത്തിക്കുന്നതിനും യോ​ഗത്തിൽ തീരുമാനമായി. കുട്ടികളുടെ വിവര ശേഖരണത്തിനായി ജില്ലയിൽ ഹോട്ട് സ്പോട്ടായി കണക്കാക്കിയിട്ടുള്ള സ്ഥലങ്ങളിൽ വരുംദിവസങ്ങളിൽ സംയുക്ത പരിശോധന നടത്താൻ കലക്ടർ നിർദേശം നൽകി. കൂടാതെ, തൊഴിലിടങ്ങളിൽ മാതാപിതാക്കളോടൊപ്പമെത്തുന്ന കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും തീരുമാനമായി. തെരുവുകളിൽ കഴിയുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ദേശീയ ബാലാവകാശ കമീഷ‍ൻെറ ബാൽസ്വരാജ് സി.ഐ.എസ്.എസ് (ചിൽഡ്രൻ ഇൻ സ്​ട്രീറ്റ്​ സി​റ്റുവേഷൻ) വെബ് പോർട്ടൽ സജ്ജമാണ്. യോഗത്തിൽ ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി (ഡി.എൽ.എസ്.എ) പി.എം. സുരേഷ്, ജില്ല ശിശുസംരക്ഷണ ഓഫിസർ കെ.എസ്. സിനി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയ‍ർപേഴ്സൻ ബിറ്റി കെ. ജോസഫ്, ജില്ല ലേബർ ഓഫിസർ പി.എം. ഫിറോസ്, കൊച്ചി സിറ്റി എ.സി.പി (ക്രൈം ബ്രാഞ്ച് ) ബിജി ജോർജ്, ചൈൽഡ് ലൈൻ കോഓഡിനേറ്റർ അരുൺ തങ്കച്ചൻ, റെയിൽവേ ചൈൽഡ് ലൈൻ കോഓഡിനേറ്റർ ഷാനോ ജോസ്, പൊതുപ്രവർത്തക പ്രതിനിധി ബിനോയ് പീറ്റർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.