ആലുവയുടെ വികസനകാര്യത്തിൽ എം.എൽ.എക്ക്​ നിഷ്‌ക്രിയത്വമെന്ന്​ എൽ.ഡി.എഫ്

ആലുവ: നിയോജക മണ്ഡലത്തിന്‍റെ വികസന കാര്യത്തിൽ അൻവർ സാദത്ത് എം.എൽ.എ നിഷ്‌ക്രിയത്വം തുടരുന്നതായി എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസക്കാലം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡ്‌ പൊളിച്ചിട്ട് മൂന്നു വർഷമായി. ഇന്നും സ്‌റ്റാൻഡ്‌ നിർമാണ പൂർത്തീകരണം അനിശ്ചിതത്വത്തിൽ തുടരുകയാണ്. നിയോജക മണ്ഡലത്തിൽ പഴകിയ പൈപ്പുകൾ പൊട്ടി കുടിവെള്ളക്ഷാമം തുടർക്കഥയാവുകയാണ്. ഹൈമാസ്‌റ്റ് ലൈറ്റുകൾ സ്‌ഥാപിക്കാൻ 2.93 കോടി രൂപ മുടക്കിയതും ആറു കോടി രൂപ എസ്റ്റിമേറ്റുണ്ടായ മണപ്പുറം പാലം 17 കോടി രൂപക്ക് കര തൊടാതെ പൂർത്തീകരിച്ചതും വിജിലൻസ് അന്വേഷണത്തിന് ഇടയാക്കിയിട്ടുള്ളതാണ്. പുറയാർ റെയിൽവെ മേൽപാലത്തിന് കിഫ് ബി ശിപാർശ വർഷങ്ങളായിട്ടും പരിഗണിക്കാതെ വൈകിപ്പിച്ചു. ആലുവ മാർക്കറ്റ് നിർമാണത്തിനും ചെറുവിരലനക്കിയില്ല. സീ പോർട്ട് എയർപോർട്ട് റോഡ് നിർമ്മാണമടക്കമുള്ള വികസന കാര്യങ്ങളിൽ കർമ്മ നിരതനാവാതെ ഇടതു സർക്കാറിനെതിരെ അവമതിപ്പുണ്ടാക്കാനുള്ളു ചെയ്തികളാണ് എം.എൽ.എ പിന്തുടരുന്നതെന്നും യോഗം കുറ്റപ്പെടുത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. വി. സലീം അധ്യക്ഷത വഹിച്ചു. കൺവീനർ എം.എ. അബ്‌ദുൽ ഖാദർ, എ.പി. ഉദയകുമാർ, എ. ഷംസുദ്ദീൻ, മുരളി പുത്തൻ വേലി, കെ.പി. ഷാജി, പി. നവകുമാരൻ, കെ.കെ. ഏലിയാസ്, സലീം എടത്തല, ഹുസൈൻ കുന്നുകര, കെ.എം.എ. ജലീൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.