ജനവാസകേന്ദ്രമായ കുന്നയ്ക്കാലിൽ പുലിയിറങ്ങി

മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ കുന്നയ്ക്കാലിൽ പുള്ളിപ്പുലിയെത്തിയെന്ന അഭ്യൂഹത്തെതുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും പുലിയുടേതിന്​ സമാനമായ കാൽപാടുകൾ പ്രദേശത്ത്​ കണ്ടെത്തി. ബുധനാഴ്ച രാത്രി പത്തരയോടെ കുന്നയ്ക്കാലിലാണ് പുലിയെ കണ്ടത്. ജനവാസകേന്ദ്രത്തിൽ പുലിയെ കണ്ടെന്ന പ്രചാരണം നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കാറിനുകുറുകെ പുലി ചാടിയെന്നാണ് കാറോടിച്ചിരുന്ന ഡ്രൈവർ കുന്നയ്ക്കാൽ സ്വദേശി എൽദോസും കൂടെയുണ്ടായിരുന്നവരും പറയുന്നത്. പുലി സമീപത്തുള്ള വീടിന്റെ മതിൽചാടി അകത്തുകടന്നെന്നും ഇക്കാര്യം അപ്പോൾതന്നെ വീട്ടുകാരെ വിളിച്ചറിയിച്ചെന്നും എൽദോസ് പറഞ്ഞു. ഇതോടെ ഇക്കാര്യം നാട്ടുകാരെ രാത്രിതന്നെ പഞ്ചായത്ത്​ അംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പ്രഭാതസവാരിയും മറ്റും ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നുമുള്ള മുന്നറിയിപ്പും നൽകി. എന്നാൽ, വാളകത്തിനു സമീപമുള്ള വീട്ടൂർ വനപ്രദേശത്തുനിന്നോ മറ്റോ എത്തിയ വലിയ കാട്ടുപൂച്ച (പാക്കാൻ) ആയിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്. എങ്കിലും ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.