മഴുവന്നൂരിൽ ഉദ്യോഗസ്ഥ-ഭരണസമിതി പോര്

കോലഞ്ചേരി: ട്വന്‍റി20 ഭരിക്കുന്ന മഴുവന്നൂർ പഞ്ചായത്തിൽ ഭരണസമിതിയും ഉദ്യോഗസ്ഥരും തമ്മിൽ പോര് മുറുകി. പഞ്ചായത്ത് അസിസ്റ്റന്‍റ്​ സെക്രട്ടറി റോഷിൻ കോശിയെ പ്രസിഡന്‍റ്​ സസ്പെൻഡ്​ ചെയ്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഒന്നടങ്കം പണിമുടക്കി. പണിമുടക്കിനെത്തുടർന്ന് ഓഫിസ് പ്രവർത്തനം പൂർണമായി സ്തംഭിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ.എം. മോഹനൻ കോവിഡ് ബാധിതനായി ലീവിലായിരുന്നപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന റോഷിൻ കോശി ചുമതലകളിൽ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് നടപടിയെന്ന്​ ഭരണപക്ഷം പറയുന്നു. എന്നാൽ, വീഴ്ചവരുത്തിയിട്ടില്ലെന്നും ചിലരുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കാത്തതിനാണ് സസ്പെൻഷനെന്നും ജീവനക്കാർ ആരോപിച്ചു. പദ്ധതി രൂപവത്​കരണമടക്കം താളംതെറ്റിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പി.വി. ശ്രീനിജിൻ എം.എൽ.എ ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണവും നടപടിയും നേരിടുമെന്ന ഘട്ടത്തിലാണ് തിടുക്കപ്പെട്ട് നടപടിക്രമങ്ങൾക്കായി പഞ്ചായത്ത് ഭരണസമിതി രംഗത്തിറങ്ങിയത്. ഇതേതുടർന്ന് ചേർന്ന യോഗങ്ങൾ നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും പ്രതിപക്ഷാംഗങ്ങളായ ജോർജ് ഇടപ്പരത്തി, വി. ജോയിക്കുട്ടി, കെ.പി. വിനോദ് കുമാർ, കെ.കെ. ജയേഷ്, പി.ജി. അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു. അസി. സെക്രട്ടറിയെ സസ്പെൻഡ്​ ചെയ്തതിനെതിരെ പഞ്ചായത്ത് ഓഫിസിനുമുന്നിൽ നടന്ന ധർണ കേരള എൻ.ജി.ഒ യൂനിയൻ ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗം പി. ജാസ്മിൻ ഉദ്ഘാടനം ചെയ്തു. ഫോട്ടോ: മഴുവന്നൂർ പഞ്ചായത്ത് ജീവനക്കാർ പഞ്ചായത്ത്​ ഓഫിസിനുമുന്നിൽ നടത്തിയ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.