റേഷൻ കാർഡ് കള്ളന് കുരുക്കുമായി വീട്ടമ്മ; ഒടുവിൽ കൈയകലത്തിൽ മുങ്ങി

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, പട്ടികജാതിക്കാരിയായ യുവതിയുടെ റേഷൻകാർഡ് നഷ്ടമാവുന്നു, അപേക്ഷയിലൂടെ ലഭിച്ച ഡ്യൂപ്ലിക്കേറ്റ് കാർഡുമായി അവർ പതിവായി സാധനം വാങ്ങുന്ന സപ്ലൈകോയിലെത്തുന്നു, അവിടെയാണ് ട്വിസ്റ്റ്. അവരുടെ റേഷൻ കാർഡിലുള്ള സാധനങ്ങളൊക്കെ മാസാദ്യം തന്നെ ആരോ വാങ്ങിക്കൊണ്ടുപോയിരിക്കുന്നു. അടുത്ത മാസങ്ങളിലും ഇതാവർത്തിച്ചപ്പോൾ പൊലീസിലും സപ്ലൈകോ വിജിലൻസിലും പരാതി നൽകിയ അവർ സപ്ലൈകോ ജീവനക്കാരോടും ഒന്ന് നിരീക്ഷിക്കാൻ അഭ്യർഥിക്കുന്നു. ആ നിരീക്ഷണം ഫലം കണ്ടു, ബുധനാഴ്ച ഇതേ സപ്ലൈകോയിൽ അടിച്ചുമാറ്റിയ കാർഡുമായി സാധനം വാങ്ങാൻ വന്നയാളെ കൈയോടെ പിടികൂടി. പിന്നാലെ അയാൾ വിദഗ്ധമായി മുങ്ങുന്നു. ആലുവയിൽ വാടകക്ക്​ താമസിക്കുന്ന ഏലൂർ സ്വദേശി സി.കെ. ലിജിമോളുടെ റേഷൻ കാർഡാണ് ഇക്കഴിഞ്ഞ ഒക്ടോബറിൽ നഷ്ടമായത്. അതുവരെ കാർഡുപയോഗിച്ച് റേഷൻ സാധനങ്ങളും സപ്ലൈകോ സാധനങ്ങളും വാങ്ങിച്ചിരുന്ന ലിജിമോൾ ആകെ പെട്ടു. പിന്നാലെ ഡ്യൂപ്ലിക്കേറ്റിനപേക്ഷിച്ച് ലഭിച്ചതുമായി ഡിസംബറിൽ സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന യു.സി കോളജിനടുത്ത സപ്ലൈകോ സ്റ്റോറിലെത്തിയപ്പോഴാണ് ലിജി ഞെട്ടിയത്, സാധനങ്ങൾ നേര​ത്തേ ആരോ വാങ്ങി. ഇതോടെ എങ്ങനെയും കള്ളനെ പിടിക്കണമെന്നായി. ഇതിനു വേണ്ടി ജനുവരിയിൽ സപ്ലൈകോയിലെത്തിയെങ്കിലും അന്നും ഒന്നാം തീയതി തന്നെ കള്ളൻ സാധനം വാങ്ങിച്ചിരുന്നു. ഇതിനിടെ കോവിഡ് ബാധിതയായ ലിജി രോഗമുക്തിക്കുശേഷം ആലുവ പൊലീസിലും സപ്ലൈകോയുടെ വിജിലൻസ് വിഭാഗത്തിലും പരാതി നൽകി. ഇതുകൂടാതെ ഫെബ്രുവരി ഒന്നിന് സപ്ലൈകോയിൽനിന്ന് സാധനം വാങ്ങി, ഒരു ദിവസം മുഴുവൻ നിരീക്ഷിച്ചെങ്കിലും അന്നു കള്ളൻ വന്നില്ല. പിറ്റേദിവസം സപ്ലൈകോ ജീവനക്കാരാണ് യു.സി കോളജ് സ്വദേശി ഉമർ എന്നയാൾ ലിജിയുടെ റേഷൻ കാർഡുമായെത്തിയത് കണ്ടുപിടിച്ചത്. ഉടൻ സപ്ലൈകോ വിജിലൻസ് വിഭാഗത്തിലറിയിച്ചെങ്കിലും ഇവരെത്തും മുമ്പേ ഇയാൾ കാർഡുപേക്ഷിച്ച് മുങ്ങി. പരാതിയുടെ നടപടിക്രമമെന്നോണം ലിജിയുടെ കാർഡ് വിജിലൻസ് വിഭാഗം കൊണ്ടുപോയിരിക്കുകയാണ്. തന്‍റെ റേഷൻകാർഡ് ഇയാൾ മറ്റെന്തിനെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന ആശങ്കയിലാണിവർ. ലഭിച്ച വിലാസമുപയോഗിച്ച് കള്ളനെ കണ്ടുപിടിച്ച് കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പൊലീസിനെ സമീപിച്ചിരിക്കുകയാണ് ലിജി. നേരത്തേ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് ലിജിക്ക് ലൈഫ് പദ്ധതിയിൽ വീടു ലഭിക്കാൻ വിഷമിക്കുന്നത്​ സംബന്ധിച്ച് മാധ്യമം വാർത്ത കണ്ട നിരവധി പേർ സഹായവുമായി എത്തിയിരുന്നു. സ്വന്തം ലേഖിക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.