-പേരിനുമുണ്ടൊരു കഥ- അരൂർ: രാജഭരണകാലത്ത് തിരുവിതാംകൂർ രാജ്യത്തിന്‍റെ ഭാഗമായിരുന്നു ചന്തിരൂർ ഗ്രാമം. ഇപ്പോൾ എരമല്ലൂരിനും അരൂരിനും ഇടയിൽ ദേശീയപാതക്ക് ഇരുവശവുമായി കിടക്കുന്നു. ദേശപുരാണം എന്ന ചന്തിരൂർ ദിവാകരന്‍റെ കവിതയിൽ 'ചന്തമെഴുന്നൊരുദേശംതന്നെ ചന്തിരൂർ പ്രദേശം' എന്നൊരുവരിയുണ്ട്. മലപ്പുറത്ത് തിരൂർ എന്ന സ്ഥലമുണ്ട്. തെക്കൻ തിരൂർ എന്ന് ചന്തിരൂർ ഒരു കാലത്ത് അറിയപ്പെട്ടിരിക്കാം. തെൻതിരൂർ ലോപിച്ച് ചന്തിരൂരായി എന്നും കേൾവിയുണ്ട്. ചന്തമുള്ള, ഭംഗിയുള്ള പ്രദേശമെന്ന നിലയിൽ ചന്തിരൂർ പ്രസിദ്ധമായതാകാനാണ് സാധ്യതയേറെ. പതിറ്റാണ്ടുകൾക്കുമുമ്പ് വിശാലമായ നെൽപാടങ്ങളും തോടുകളും തണ്ണീർത്തടങ്ങളും ദേശാടനപ്പക്ഷികളും ആമ്പൽ, താമര പൂക്കൾകൊണ്ടും ചന്തിരൂർ ദൃശ്യസമൃദ്ധമായിരുന്നു. ചന്ദ്രൻ ഉദിക്കുന്ന രാവുകളിൽ വിശാലമായ ഭൂപ്രദേശമാകെ ആരെയും മനംമയക്കുന്ന ചന്തമുള്ള പ്രദേശമായിമാറും. അതായിരിക്കാം സ്ഥലനാമത്തിൽ ചന്തമുള്ള ഊരിന് പ്രസക്തി. ചന്തിരൂർ തോട്ടിൻകരയിൽ ദേശ കാർഷിക ചന്ത സംഘടിപ്പിച്ചെന്നും അത്തരത്തിലുള്ള ദേശച്ചന്തയുടെ പെരുമയിൽ ചന്ത ഉള്ള ഊര് എന്ന അർഥത്തിൽ ചന്തിരൂരായി എന്നും വർത്തമാനമുണ്ട്. രാജഭരണകാലത്ത് കൊടും പട്ടിണിയിലായ ഗ്രാമീണരെ താൽക്കാലികമായി സഹായിക്കാൻ ജോലിക്ക് കൂലി ഭക്ഷണം എന്ന നിലയിൽ ചന്തിരൂർ പുത്തൻതോട് ജനങ്ങൾ കുഴിച്ചെന്നും കൃഷി, മത്സ്യബന്ധനം, വാണിജ്യ ആവശ്യങ്ങൾക്ക് കേവുവള്ളങ്ങളുടെ യാത്ര എന്നിവക്ക് തോട് വ്യാപകമായി ഉപയോഗിച്ചെന്നും പഴമക്കാർ പറയുന്നു. ഇപ്പോഴും ചന്തിരൂരിലെ മീൻമാർക്കറ്റ് സജീവമാണ്. രാത്രിയോടെ വിവിധ പ്രദേശങ്ങളിൽനിന്ന് വാഹനങ്ങളിൽ കടൽമത്സ്യങ്ങൾ ഇവിടെ എത്തും. ചില്ലറ മത്സ്യവിൽപനക്കാർ അവരുടെ ചെറിയ വാഹനങ്ങളിലും തലച്ചുമടായും സമീപ പ്രദേശങ്ങളിൽനിന്ന് ഇവിടെയെത്തി മീൻ എടുക്കും. അതിപുരാതന കെട്ടിടങ്ങൾ, ഖ്യാതിയോടെ നിലനിന്ന ഒരു ചന്തയുടെ ഓർമ വിളിച്ചറിയിക്കുന്നതാണ്. ശാന്തിഗിരി ആശ്രമസ്ഥാപകൻ കരുണാകരഗുരുവിന്റെ ജന്മദേശം ചന്തിരൂരിലാണ്. നടൻ മമ്മൂട്ടി ജനിച്ചതും പ്രാഥമിക വിദ്യാഭ്യാസം നേടിയതും ഇവിടെയാണ്. --------- ചിത്രങ്ങൾ ചന്തിരൂരിലെ ഒരു വൈകുന്നേരം കായൽ പ്രദേശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.