'എം.ജിയിലെ കോഴ ഉന്നത വിദ്യാഭ്യാസത്തിലെ ഗുരുതരാവസ്ഥയുടെ പ്രതിഫലനം'

കൊച്ചി: മഹാത്മാഗാന്ധിയുടെ നാമത്തിലുള്ള സർവകലാശാല കേന്ദ്രത്തിൽ ലക്ഷങ്ങളുടെ കോഴ വാങ്ങി മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റും വിതരണം നടത്തിയത് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഒന്നാകെ ഗ്രസിച്ചിരിക്കുന്ന ആഴമാർന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണെന്ന് അഖിലേന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി കേരള ചാപ്റ്റർ. ഇവിടെ നിന്ന് യോഗ്യതയോടെ ഡിഗ്രികൾ സമ്പാദിച്ച ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പഠന മികവിനെയാണ് ഇന്നത്തെ സംവിധാനം കൊഞ്ഞനം കുത്തുന്നത്. കേവലം ഒരു വ്യക്തിയുടെ മാത്രം പിഴവല്ല, മറിച്ച് സ്ഥാപനത്തിന്‍റെയും അതിന്‍റെ സംവിധാനത്തിന്‍റെയും ഗുരുതരമായ പാളിച്ചയാണ്. അറസ്റ്റിനു പിന്നാലെ പ്രതിയുടെ പ്രതികരണം സർവകലാശാല ഭരണത്തകർച്ചയെ തുറന്നു കാണിക്കുന്നു. ഈ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചാൻസലറും ഇടപെട്ട് സർവകലാശാലയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി പ്രസിഡൻറ് ഡോ. ജോർജ് ജോസഫ്, സെക്രട്ടറി അഡ്വ. ഇ.എൻ. ശാന്തിരാജ്, എം. ഷാജർഖാൻ, പ്രഫ. പി.എൻ. തങ്കച്ചൻ, വി. നാരായണൻ, നിഖിൽ സജി, കെ.എസ്. ഹരികുമാർ, കെ. റെജീന, ഫ്രാൻസിസ് കളത്തുങ്കൽ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.