മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിൽ കൂടുതൽ കിടക്കകളുമായി കോവിഡ് സെന്‍റര്‍ ഉടന്‍ തുറക്കും

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കോവിഡ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്നോടിയായി ആരോഗ്യവകുപ്പ് ഉന്നത സംഘം പരിശോധന നടത്തി. കിടക്കകളുടെ കുറവുമൂലം കോവിഡ് ചികിത്സ ലഭ്യമാകുന്നതിലെ പരിമിതി ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി കോവിഡ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായായാണ് ഡോ. ശിവദാസിന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം ആശുപത്രിയില്‍ പരിശോധന നടത്തിയത്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി 50 കിടക്കയുള്ള കോവിഡ് സെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് പരിശോധകസംഘം എം.എല്‍.എക്ക് ഉറപ്പ് നല്‍കി. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി. എല്‍ദോസ്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുല്‍ സലാം, വികസനകാര്യ സമിതി അധ്യക്ഷൻ അജി മുണ്ടാടന്‍, ആശുപത്രി സൂപ്രണ്ട് ഡോ. രേഖ അരവിന്ദ് എന്നിവരും സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.