കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ ഐ.സി.യു ബെഡുകള്‍, വെന്‍റിലേറ്റര്‍ കണക്കുകള്‍ ദിവസവും നല്‍കണം

കൊച്ചി: കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ ഐ.സി.യു ബെഡുകള്‍, വെന്‍റിലേറ്റര്‍ കണക്കുകള്‍ ദിവസവും നല്‍കണമെന്ന്​ ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും 50 ശതമാനം കിടക്ക കോവിഡ് ചികിത്സക്ക്​ മാറ്റിവെക്കണമെന്ന്​ ആരോഗ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്​ നീക്കിവെക്കപ്പെട്ട കിടക്കകള്‍, ഐ.സി.യു കിടക്കകള്‍, വെന്‍റിലേറ്ററുകള്‍ എന്നിവയുടെ കൃത്യമായ കണക്കുകള്‍, ഓരോ ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം, ശതമാനം, അവശേഷിക്കുന്ന കിടക്കകള്‍ എന്നിവ പ്രതിദിനം ജില്ല ഭരണകൂടം, ജില്ല മെഡിക്കല്‍ ഓഫിസ്, ഐ.ഡി.എസ്.പി യൂനിറ്റ് എന്നിവിടങ്ങളിലേക്ക് അയക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.വി. ജയശ്രീ നിർദേശിച്ചിരിക്കുന്നത്​. നിലവിലെ കിടക്കകളുടെ ലഭ്യതയും ചികിത്സയിലുള്ളവരുടെ എണ്ണവും ഡ്രൈവ് അപ്‌ഡേറ്റും ചെയ്യണം. കൂടാതെ, ഈ വിവരങ്ങള്‍ കൃത്യമായി കോവിഡ് ജാഗ്രത പോര്‍ട്ടലിലും ചേര്‍ക്കണം. ഓരോ സ്വകാര്യ ആശുപത്രിയും ഇതിന്​ കോവിഡ് നോഡല്‍ ഓഫിസറെയും ചുമതലപ്പെടുത്തണമെന്നും അവർ നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.