മൊഫിയ പർവീണിന്‍റെ ആത്മഹത്യ: ഭർത്താവിനും ജാമ്യം

കൊച്ചി: ആലുവ സ്വദേശിനി മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട​ കേസിൽ ഭർത്താവിന്​ ഹൈകോടതിയുടെ ജാമ്യം. ഒന്നാം പ്രതി കോതമംഗലം ഇരമല്ലൂർ മേലേക്കുടിയിൽ മുഹമ്മദ് സുഹൈലിനാണ്​ സിംഗിൾ ബെഞ്ച്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​. ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. രണ്ടും മൂന്നും പ്രതികളായ സുഹൈലിന്റെ മാതാപിതാക്കൾ റുഖിയ, യൂസഫ് എന്നിവർക്ക് ജനുവരി നാലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. മൊഫിയയെ നവംബർ 22ന് മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ 25ന് അറസ്റ്റിലായത്​ മുതൽ സുഹൈൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഭർതൃവീട്ടിലെ പീഡനങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തിയതോടെയാണ്​ മൂവരെയും അറസ്റ്റ് ചെയ്തത്​. റുഖിയക്കും യൂസഫിനും ജാമ്യം അനുവദിച്ചപ്പോൾ സുഹൈലിനെതിരായ ആരോപണങ്ങൾ ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന് വിലയിരുത്തിയാണ്​ ജാമ്യം നിഷേധിച്ചത്​. കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ഹരജിക്കാരൻ 65 ദിവസത്തിലേറെയായി കസ്റ്റഡിയിൽ കഴിയുന്നതും വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളതെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷന്‍റെ വാദം കോടതി തള്ളി​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.