നെല്ലിക്കുഴിയിൽ ആരോഗ്യപ്രവർത്തനങ്ങൾ അവതാളത്തിൽ -കോൺഗ്രസ്

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ആരോഗ്യപ്രവർത്തനങ്ങൾ അവതാളത്തിലെന്ന് കോൺഗ്രസ്. കോവിഡ് വ്യാപനം തീവ്രമാകുമ്പോഴും പ്രാഥമിക ചികിത്സക്കും ക്വാറന്റീൻ സൗകര്യത്തിനും വേണ്ടി പഞ്ചായത്തിൽ എഫ്.എൽ.സി.ടിയുടെ പ്രവർത്തനം നടക്കുന്നില്ല. പഞ്ചായത്തിലെ ആരോഗ്യകേന്ദ്രമായ ചെറുവട്ടൂർ പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ല. മൂന്ന് പഞ്ചായത്തിന്റെ ജനസംഖ്യയുള്ള പഞ്ചായത്തിന് മാത്രമായി ഒരു ഹെൽത്ത് ഇൻസ്പെക്ടർ ഇല്ല. നാളുകളായുള്ള ഈ ആവശ്യത്തിന് മഹാമാരികാലത്തും ഒരു തീരുമാനം ഉണ്ടാക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. കോതമംഗലം താലൂക്കിലും നെല്ലിക്കുഴിയിലും കോവിഡ് വ്യാപനം വൈറൽ പനിപോലെ പടരുമ്പോഴും സർക്കാർ ചെലവിൽ സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്താൻ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. കോവിഡ് ലക്ഷണമുള്ള ആളുകളെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും സ്വകാര്യ ആശുപത്രികളിലേക്ക് വിടുകയാണ്. പഞ്ചായത്തിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് കോവിഡ് ടെസ്റ്റിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. അതും പരിമിതമായ രീതിയിൽ കുറ്റിലഞ്ഞി സബ് സെന്ററിൽ മാത്രം. കൂടാതെ സെക്കൻഡ്​​ ഡോസ് വാക്സിൻ എടുക്കാൻ എത്തുന്നവർ പലരും വാക്സിൻ ലഭിക്കാതെ മടങ്ങുന്ന സ്ഥിതിയുമാണ്. ഗുരുതരമായ അനാസ്ഥയാണ് പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്തുനിന്നും ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇതിന് ഒരു പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.