മെഡിക്കൽ കോളജ്; ഇല്ലായ്മകൾ പറഞ്ഞ് സർക്കാറിന് കെ.ജി.എം.സി.ടി.എ നിവേദനം

കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളജിന്‍റെ പരാധീനതകൾ എണ്ണിപ്പറഞ്ഞ് സ്ഥാപനത്തിലെ അധ്യാപക സംഘടന സർക്കാറിന് നിവേദനം സമർപ്പിച്ചു. ആശുപത്രിയിൽ ആവശ്യത്തിന് പി.ജി കോഴ്സുകളും ഏറെ അത്യാവശ്യമായ പല വിഭാഗങ്ങളും സൗകര്യങ്ങളും ഇല്ലാത്തതു സംബന്ധിച്ചാണ് കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എംസി.ടി.എ) എറണാകുളം യൂനിറ്റ് പരാതിപ്പെട്ടത്. രജത ജൂബിലിയോടടുത്ത മെഡിക്കൽ കോളജിൽ വളരെയധികം വികസനപ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു. പി.ജി കോഴ്സുകളിൽ ഇവിടെ 11 സീറ്റുമാത്രമാണ് പ്രതിവർഷമുള്ളത്. വിവിധ വിഭാഗങ്ങളിൽ പി.ജി തുടങ്ങാൻ വിശദ റിപ്പോർട്ട് സഹിതം പലതവണ സർക്കാറിന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ ഫലപ്രദമായ സമീപനം ഉണ്ടായില്ല. 2013ൽ ആരംഭിച്ച മഞ്ചേരി മെഡിക്കൽ കോളജിൽപോലും എല്ലാ വിഭാഗത്തിലും പി.ജി കോഴ്സ് തുടങ്ങിയിട്ടും എറണാകുളം മെഡിക്കൽ കോളജിൽ ഒന്നുമായില്ല. നിത്യേന റോഡപകടങ്ങൾമൂലം ധാരാളം ആളുകളെത്തുന്നുണ്ടെങ്കിലും ന്യൂറോ സർജറി വിഭാഗമില്ലാത്തതിനാൽ വരുന്നവരെയെല്ലാം സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കോ മെഡിക്കൽ കോളജുകളിലേക്കോ പറഞ്ഞയക്കുകയാണ് പതിവ്. കൂടാതെ, കുട്ടികൾക്കും നവജാത ശിശുക്കൾക്കും ഏറെ ആവശ്യമായ ശിശുശസ്ത്രക്രിയ വിഭാഗം, കരളിന്‍റെയും മറ്റനുബന്ധ രോഗങ്ങളുടെയും ചികിത്സക്കെത്തുന്ന ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം, ഏറെ സാധാരണമായ യൂറോളജി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങൾ എന്നിവയൊന്നും ഈ സ്ഥാപനത്തിലില്ലെന്നും അധ്യാപക സംഘടന ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.