കടലിലെ ലഹരി വേട്ട; ഒമ്പത്​ പ്രതികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം

കൊച്ചി: ആയുധങ്ങളും മയക്കുമരുന്നുമായി ശ്രീലങ്കൻ ബോട്ട്​ പിടികൂടിയതുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത കേസിൽ ഒമ്പത്​ പ്രതികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതിയും ശ്രീലങ്കൻ സ്വദേശിയുമായ എൽ.വൈ. നന്ദന അടക്കമുള്ളവർക്കെതിരെയാണ്​ പ്രത്യേക എൻ.ഐ.എ കോടതിയിൽ കുറ്റപത്രം നൽകിയത്​. ജനക ദാസ് പ്രിയ, രണസിംഗ, സേനാരഥ്, നിശങ്ക, നിശാന്ത, സുരേഷ്, രമേശ്, സത്ഗുണം എന്ന സബേസാൻ എന്നിവരാണ്​ കുറ്റപത്രം നൽകപ്പെട്ട പ്രതികൾ. മൂന്ന്​ പ്രതികൾ ഒളിവിലാണ്​. നേരത്തേ പ്രതിചേർത്ത മൂന്നുപേരെ ​മാപ്പുസാക്ഷിയാക്കാൻ എൻ.ഐ.എ നടപടി ആരംഭിച്ചിട്ടുണ്ട്​. യു.എ.പി.എയിലെ വിവിധ വകുപ്പുകൾക്ക്​ പുറമെ ആയുധ നിരോധന നിയമം, ലഹരിമരുന്ന്​ തടയൽ നിയമം (എൻ.ഡി.പി.എസ്) എന്നിവയും ചുമത്തിയിട്ടുണ്ട്. മാർച്ച് 25നാണ് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന 'രവി ഹൻസി' ശ്രീലങ്കൻ ബോട്ട്​ തീരസംരക്ഷണ സേന പിടികൂടിയത്. സംശയാസ്​പദ സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ച ബോട്ട് തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് ഹെറോയിൻ കണ്ടെത്തിയത്. പ്രതികളിൽനിന്ന് അഞ്ച് എ.കെ 47 തോക്ക്, 1000 തിരകൾ എന്നിവയും കണ്ടെത്തിയിരുന്നു. ആയുധങ്ങളുമായി വിദേശ പൗരൻമാർ പിടിയിലായതിനാലാണ് കേസ്​ എൻ.ഐ.എ ഏറ്റെടുത്തത്​. 10 ശ്രീലങ്കൻ പൗരന്മാർ അടക്കം 15 പേർ ഇതിനകം അറസ്​റ്റിലായിരുന്നു. സംശയകരമായ രീതിയിൽ ശ്രീലങ്കൻ സ്വദേശികളുടെ ബോട്ട് ലക്ഷദ്വീപ്​ വഴി കടന്നു പോകുന്നതായി വിവരം ലഭിച്ച തീരസംരക്ഷണ സേന കടലിൽവെച്ച്​ പിടികൂടുകയായിരുന്നു. ഇന്ത്യയിലെ എൽ.ടി.ടി.ഇ അനുഭാവികളുടെ കൂട്ടായ്​മയുടെ സംഘാടനമാണ്​ മുഖ്യപ്രതിയായ സത്ഗുണത്തെ സംഘടന ഏൽപിച്ചിരുന്ന ദൗത്യമെന്നാണ്​ എൻ.ഐ.എ കണ്ടെത്തൽ. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ നേടുന്ന പണം ശ്രീലങ്കയിലെ എൽ.ടി.ടി.ഇ അനുഭാവികൾക്ക് എത്തിച്ച്​ കൊടുത്തിരുന്നതും സത്ഗുണമായിരുന്നത്രേ. ഫയലിൽ സ്വീകരിച്ചശേഷം കുറ്റപത്രത്തി​ൻെറ പകർപ്പ്​ പ്രതികൾക്ക്​ കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.