നാസറിന്‍റെ വേർപാട് നാടിന്‍റെ നൊമ്പരമായി

അരൂർ: വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റൻറ് അരൂക്കുറ്റി നദുവത്ത് നഗർ (കിഴക്കേ കോതാട്ട് ) ഐഷ മൻസിൽ കെ.ഇ. നാസറിന്‍റെ (55) വിയോഗം നാടിന്​ നൊമ്പരമായി. ദേശീയപാതയിൽ അരൂർ പഴയ പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിലാണ്​ മരിച്ചത്​. അരൂർ വില്ലേജ് ഓഫിസിലേക്ക് ജോലിക്ക് പോകുമ്പോൾ ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്​മോർട്ടം നടത്തിയ ശേഷം മൃതദേഹം താലൂക്ക് ഓഫിസിൽ പൊതുദർശനത്തിന് വെച്ചു. ഇതര വില്ലേജ് ഓഫിസുകളിൽനിന്ന്​ ജീവനക്കാർ താലൂക്ക് ഓഫിസിലെത്തി അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് വടുതലയിൽ എത്തിച്ച മൃതദേഹം കാണാനും അന്ത്യോപചാരം അർപ്പിക്കാനും നൂറുകണക്കിന് ആളുകളാണ് എത്തിയത്. നാസറിനെ കുറിച്ച് ജോലി ചെയ്ത പാണാവള്ളി, അരൂർ വില്ലേജ് ഓഫിസുകളിലുള്ളവർക്കും നാട്ടുകാർക്കും നല്ലതുമാത്രമേ പറയാനുള്ളൂ. പതിവില്ലാതെ ശനിയാഴ്ച രാവിലെ അരൂരിലേക്ക് ജോലിക്ക് പോകുംമുമ്പ് വടുതല ജങ്​ഷനിൽ നാട്ടുകാരിൽ പലരോടും കുശലം പറഞ്ഞത് ഓർമയിൽ നീറ്റലാകുകയാണ്. ഭാര്യ മൈമൂനത്ത് ജോലി ചെയ്തിരുന്ന വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും ജീവനക്കാരും മക്കളായ നിസാമുദ്ദീൻ, നജ്മുദ്ദീൻ എന്നിവരുടെ സുഹൃത്തുക്കളും ത്രിതല പഞ്ചായത്ത് പ്രതിനിധികളും ദലീമ എം.എൽ.എയും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. വൈകീട്ട് ആറിന്​ വടുതല കോട്ടൂർ പള്ളിയിലായിരുന്നു ഖബറടക്കം. പള്ളിയിലും വലിയജനക്കൂട്ടം ഉണ്ടായിരുന്നു. ചിത്രം അപകടത്തിൽ മരിച്ച കെ.ഇ. നാസറിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.