സുജിത്തിന് നഴ്സിങ്​ പഠിക്കാം, ധൈര്യമായി

പള്ളുരുത്തി: സുജിത്തി‍ൻെറ നഴ്സിങ് പഠനത്തിന് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ. കഴിഞ്ഞ ദിവസമാണ് ഓൾ ഇന്ത്യ എൻട്രൻസ് പരീക്ഷയിൽ ബംഗളൂരുവിലെ ഒരു കോളജിൽ സുജിത്തിന് അഡ്മിഷൻ ലഭിച്ചത്. എന്നാൽ, അഡ്മിഷൻ എടുക്കാൻ പണമില്ലാതെ വലഞ്ഞപ്പോഴാണ് ഡി.വൈ.എഫ്.ഐ ഇടക്കൊച്ചി മേഖല കമ്മിറ്റി മുന്നോട്ട് വന്നത്. അഡ്മിഷൻ എടുക്കാൻ 70000 രൂപ ആവശ്യമായിരുന്നു. കുറച്ചു ദിവസങ്ങൾ കൊണ്ട് 65,000 രൂപ ഡി.വൈ.എഫ്.ഐ ശേഖരിച്ചു നൽകി. പത്താം തരത്തിലും ഹയർ സെക്കൻഡറിയിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ സുജിത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തുടർപഠനം നടത്താനായില്ല. ഈ സമയത്ത് മറ്റു പരിശീലന ക്ലാസുകൾ ഇല്ലാതെ തന്നെ സുജിത്ത് എൻട്രൻസിന്​ പഠിക്കുകയും സ്വന്തം പരിശ്രമം കൊണ്ട് അഡ്മിഷൻ തരപ്പെടുത്തുകയും ചെയ്തു. വ്യാഴാഴ്ച സുജിത്ത് കോളജിലേക്ക് പുറപ്പെടും. പരേതയായ ശ്രീജയുടെയും ജെനീഷി‍ൻെറയും മകനാണ് സുജിത്ത്. അഡ്മിഷൻ തുക സി.പി.എം ലോക്കൽ സെക്രട്ടറി എ.എം. ഷെരീഫ്, മേഖല സെക്രട്ടറി പീറ്റർ ജിബിൻ എന്നിവർ ചേർന്ന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.