കേരഫെഡിലെ ജീവനക്കാരുടെ സമരത്തിന് ഡയസ്‌നോൺ: സർക്കാറിന് ഹൈകോടതി നോട്ടീസ്

കൊച്ചി: കേരഫെഡിലെ ജീവനക്കാരുടെ സമരത്തിന് ഡയസ്‌നോൺ ബാധകമാക്കിയതിനെതിരായ ഹരജിയിൽ സർക്കാറിന് ഹൈകോടതിയുടെ നോട്ടീസ്. കരാറിന്​ വിരുദ്ധമായി സമരകാലയളവിന് ഡയസ്‌നോൺ ബാധകമാക്കിയ നടപടി ചോദ്യം ചെയ്ത്​ കേരഫെഡ്​ മാർക്കറ്റിങ്​ മാനേജർ ഇൻ ചാർജ്​ എം.വൈ എൽദോസ് നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചാണ്​ ജസ്റ്റിസ് അനുശിവരാമൻ എതിർ കക്ഷികൾക്ക്​ നോട്ടീസ്​ അയക്കാൻ ഉത്തരവിട്ടത്​. കേരഫെഡിൽ സ്പെഷൽ റൂൾ ഉണ്ടാക്കിയിട്ടില്ലെന്ന കാരണത്താൽ 23 വർഷമായി പ്രമോഷൻ ലഭിച്ചിരുന്നില്ലെന്നും ഇതു ചൂണ്ടിക്കാട്ടി ഹരജിക്കാരനടക്കമുള്ളവർ 2021 ഒക്ടോബർ അഞ്ചു മുതൽ 29 വരെ സമരം ചെയ്തെന്നും ഹരജിയിൽ പറയുന്നു. മാനേജ്‌മെന്റുമായുണ്ടാക്കിയ കരാറനുസരിച്ചാണ് സമരം പിൻവലിച്ചത്. സമരകാലയളവ് അവധിയായി പരിഗണിക്കാമെന്ന് കേരഫെഡ് എം.ഡിയും ഡയറക്ടർ ബോർഡും തീരുമാനിച്ചിരുന്നു. ഇതിനു വിരുദ്ധമായാണ്​ സർക്കാർ നടപടിയുണ്ടായത്​. സമര കാലയളവ് അവധിയാക്കാനുള്ള ജീവനക്കാരുടെ അപേക്ഷ കേരഫെഡ് നിരസിച്ചു. സമരം കഴിഞ്ഞ് 117 ദിവസം കഴിഞ്ഞാണ് സർക്കാറിന്റെ ഇടപെടലുണ്ടായതെന്നും ഹരജിയിൽ പറയുന്നു. കേരള സർവിസ് ചട്ടമനുസരിച്ച്​ ഡയസ്​നോൺ പ്രഖ്യാപിച്ച നടപടി കേരഫെഡിന് ബാധകമല്ല. കേരള കോഓപറേറ്റിവ് സൊസൈറ്റീസ് ആക്ടാണ് ഇവിടെ നിലനിൽക്കുന്നത്​. അതിനാൽ, സർക്കാറിന് ഇത്തരത്തിൽ ഇടപെടാൻ അധികാരമില്ലെന്നും നടപടി റദ്ദാക്കണമെന്നുമാണ്​ ഹരജിയിലെ ആവശ്യം. ഹരജി വീണ്ടും ആഗസ്റ്റ് 28ന്​ പരിഗണിക്കാനായി മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.