വെള്ളക്കെട്ട് പരിഹരിക്കൽ; മെട്രോ റെയിൽ കാനയിൽ പരിശോധന

blurb കാനയിലെ വലിയ സ്ലാബ് നീക്കം ചെയ്യും ആലുവ: പ്രൈവറ്റ് ബസ്​സ്റ്റാന്‍ഡ് പരിസരം, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പരിഹാര നടപടികളുടെ ഭാഗമായി മെട്രോ റെയിലിന് അടിയില്‍കൂടി കടന്നുപോകുന്ന കാനയിൽ പരിശോധന നടത്തി. ഈ കാന ആവശ്യമെങ്കിൽ പുനര്‍നിർമിക്കുന്നതിന് വ്യാഴാഴ്ച നഗരസഭ ഓഫിസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച കാന പൊളിച്ച് പരിശോധിച്ചു. കാനയിലെ ചളിയടക്കം നീക്കിയപ്പോൾ തന്നെ വെള്ളം വലിഞ്ഞതായി ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. കാനയിലെ വലിയ സ്ലാബ് നീക്കം ചെയ്യാൻ മെട്രോ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം കൂടുതൽ ശുചീകരണം നടത്തും. ബസ്​സ്റ്റാൻഡിനകത്തെ നിലവിലെ കാന വലുതാക്കാൻ ഉദ്ദേശിച്ചിട്ടില്ല. സ്റ്റാൻഡിന്‍റെ വടക്കുവശത്തുകൂടി ഒരു കാന നിർമിക്കാൻ പദ്ധതിയുണ്ടെന്നും ചെയർമാൻ പറഞ്ഞു. നഗരസഭക്ക് പുറമെ കൊച്ചി മെട്രോ, നാഷനല്‍ ഹൈവേ, പൊതുമരാമത്ത് വകുപ്പ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം വെള്ളക്കെട്ട് ഒഴിവാക്കാന്‍ അനിവാര്യമായതിനാല്‍ ഇവരെയും വെള്ളക്കെട്ട് മൂലം വ്യാപാരികള്‍ക്ക് നാശം സംഭവിക്കുന്ന സാഹചര്യത്തില്‍ മര്‍ച്ചന്‍റസ് അസോസിയേഷനെയും ഉള്‍പ്പെടുത്തിയാണ് യോഗം വിളിച്ചിരുന്നത്. എന്നാൽ, കൊച്ചി മെട്രോ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികള്‍ മാത്രമാണ് യോഗത്തിന് എത്തിയത്. മർച്ചന്‍റ്​സ്​ അസോസിയേഷൻ ഭാരവാഹികൾ പങ്കെടുക്കാതിരുന്നതിൽ വെള്ളക്കെട്ടിന് ഇരയാകുന്ന വ്യാപാരികൾക്ക് അമർഷമുണ്ട്. വെള്ളിയാഴ്ച നഗരസഭ ആഭിമുഖ്യത്തിൽ നടന്ന കാന പരിശോധന പ്രഹസനമായിരുന്നതായും വ്യാപാരികൾ ആരോപിക്കുന്നു. മെട്രോ കാനയുടെ പുനർനിർമാണം വെള്ളിയാഴ്ച ആരംഭിക്കുമെന്നാണ് നഗരസഭ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, ചില സ്ലാബുകൾ മാറ്റി പരിശോധിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല. മെട്രോ കാനയിൽ കാര്യമായ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ ചില നഗരസഭ ഉദ്യോഗസ്ഥർ, ബസ്​സ്റ്റാൻഡിലെ കാന വലുതാക്കലാണ് ഏകപരിഹാരമെന്ന് തങ്ങളോട് പറഞ്ഞതായും വ്യാപാരികൾ പറഞ്ഞു. എന്നാൽ, ഇതിന് നഗരസഭ തയാറാകുന്നില്ലെന്നും വ്യാപാരികൾ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.