കിൻഫ്ര അന്താരാഷ്ട്ര സെന്‍റർ അടുത്ത വർഷം -മന്ത്രി പി. രാജീവ്

കാക്കനാട്: കിൻഫ്ര അന്താരാഷ്ട്ര പ്രദർശന, കൺവെൻഷൻ സെന്‍റർ 2023ലെ കേരളപ്പിറവിക്ക് മുമ്പ്​ നാടിന് സമർപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ലോകോത്തര മാതൃകയിലായിരിക്കും സെന്‍റർ തയാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൺവെൻഷൻ സെന്‍ററിന്‍റെ (ഐ.ഇ.സി.സി) ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സാസത്തികവർഷം ആദ്യപാദത്തിൽ സംസ്ഥാനത്ത് 19,600 സംരംഭം പ്രവർത്തനം ആരംഭിച്ചെന്നും സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ ഇത് ഒരുലക്ഷത്തിൽ അധികമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഈ വർഷം 14 സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുമെന്നും നിലവിലുള്ള ഇൻഡസ്ട്രിയൽ പാർക്കുകളെ ആധുനികവത്​കരിക്കുകയും ഹരിത മതിൽ ഉൾപ്പെടെ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ മാറ്റുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിപ്രദേശത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തൃക്കാക്കരയുടെ വികസനത്തിന് രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ഉറപ്പുനൽകുമെന്ന് എം.എൽ.എ പറഞ്ഞു. യോഗത്തിൽ കിൻഫ്ര മാനേജിങ്​ ഡയറക്ടർ സന്തോഷ് കോശി തോമസ്, തൃക്കാക്കര നഗരസഭ അംഗം എം.ഒ. വർഗീസ്, ടി.ഐ.ഇ ഗവേണിങ് ബോഡി അംഗം അജിത് എ. മൂപ്പൻ, ഫിക്കി സംസ്ഥാന കൗൺസിൽ അധ്യക്ഷൻ ദീപക് എൽ. അസ്വാനി, സി.ഐ.ഐ കോ ചെയർമാൻ കെ.കെ.എം. കുട്ടി, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്‍റ്​ എം. ഖാലിദ്, കെ.ഇ.പി.ഐ.പി ചെയർമാൻ സാബു ജോർജ്, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ സന്നിഹിതരായി. എക്സിബിഷൻ സെന്‍ററിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പത്ത് ദിവസത്തിനകം ആരംഭിക്കാനാണ് കിൻഫ്ര ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.