വില്ലേജിന്റെ സ്ഥലം പ്രയോജനപ്പെടുത്തി റവന്യൂ ടവർ നിർമിക്കണം 

കളമശ്ശേരി: കൂനംതൈയിലെ തൃക്കാക്കര നോർത്ത് വില്ലേജ് ഓഫിസിനോടു ചേർന്ന് ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തി റവന്യൂ ടവർ നിർമിക്കണമെന്ന്​ തൃക്കാക്കര നോർത്ത് വില്ലേജ് ജനകീയ സമിതി. ദേശീയ പാതയോടു ചേർന്നുള്ള വില്ലേജ് ഓഫിസ് വളപ്പിൽ മുൻഭാഗത്തെ കണ്ണായ സ്ഥലത്ത് ഉപയോഗശൂന്യമായ പഴയ കെട്ടിടം നിൽക്കുകയാണ്. മേൽക്കൂരയിലെ ചോർച്ചയെ തുടർന്ന് ഷീറ്റ് മേഞ്ഞ നിലവിലെ ഓഫിസ് കെട്ടിടത്തിൽ സൗകര്യം കുറവായതിനാൽ ഇതിനോട് ചേർന്ന് രണ്ട് മുറികൾ കൂടി നിർമിക്കാനുള്ള പണി തുടങ്ങുകയാണ്. ഇതിനു പകരം പഴയ കെട്ടിടവും നിലവിലെ ഓഫിസും പൊളിച്ചു മാറ്റി റവന്യൂ ടവർ നിർമിച്ചാൽ നിരവധി സർക്കാർ ഓഫിസുകൾക്ക് പ്രയോജനപ്പെടും. ജനങ്ങൾക്ക് ഏറെ സൗകര്യമാകും. ഇക്കാര്യത്തിൽ സ്ഥലം എം. എൽ. എ കൂടിയായ വ്യവസായ മന്ത്രി പി.രാജീവിന്റെ സഹായം തേടണം. നിത്യേന നൂറോളം അപേക്ഷകൾ നേരിട്ടും 150 ലേറെ അപേക്ഷകൾ ഓൺലൈനായും കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫിസിന്റെ സുഗമമായ നടത്തിപ്പിനായി കൂടുതൽ സ്റ്റാഫിനെ അടിയന്തരമായി അനുവദിക്കണമെന്ന് തഹസിൽദാറോട് ആവശ്യപ്പെടുന്നതിനും ഈ ആവശ്യങ്ങൾക്കായി ചേർന്ന തൃക്കാക്കര നോർത്ത് വില്ലേജ് ജനകീയ സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ നഗരസഭ കൗൺസിലർ പ്രിയ ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ, പി.എം.എ ലത്തീഫ്, മുഹമ്മദ് കുഞ്ഞ് വെള്ളക്കൽ, ടി.ടി രതീഷ് , എം.എ നൗഷാദ്, കെ.കെ ജയപ്രകാശ്, കെ.എം.എ ജലീൽ , വില്ലേജ് ഓഫീസർ ടി.എം അബ്ദുൽ ജബ്ബാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.