പൊതുജനാരോഗ്യ ബില്ലിൽ ഹോമിയോപ്പതി, ആയുഷ് എന്നിവയെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഐ.എച്ച്.കെ

കൊച്ചി: സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന പൊതുജനാരോഗ്യ ബില്ലിൽ ഹോമിയോപ്പതി, ആയുഷ് എന്നിവയെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്‌സ് കേരള (ഐ.എച്ച്.കെ). 2021ലെ പൊതുജനാരോഗ്യ ഓർഡിനൻസാണ് പുനരാലോചനക്കായി മാറ്റിവെച്ചിട്ടും ഹോമിയോ, ആയുർവേദ വിഭാഗത്തെ ഉൾപ്പെടുത്താതെ ബില്ല് അവതരിപ്പിക്കാൻ സർക്കാർ തയാറെടുക്കുന്നത്​. അലോപ്പതി ഒഴികെയുള്ള വൈദ്യശാസ്ത്രങ്ങളെ പാടെ അവഗണിക്കുകയാണ് സർക്കാർ ഈ ബില്ലിലൂടെ വ്യക്തമാക്കുന്ന​​തെന്ന്​ വാർത്തസമ്മേളനത്തിൽ ഐ.എച്ച്.കെ ഭാരവാഹികൾ പറഞ്ഞു. പൊതുജനാരോഗ്യ ബിൽ അപാകതകൾ പരിഹരിച്ച്​ നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ബില്ലിൽ എല്ലാ വിഭാഗം ചികിത്സരീതികളെയും അംഗീകൃത യോഗ്യതകൾ എന്തൊക്കെ എന്നത് ഉൾപ്പെടുത്തണം. പകർച്ചവ്യാധി മുക്തി നേടിയത് സാക്ഷ്യപ്പെടുത്താൻ മോഡേൺ മെഡിസിനോടൊപ്പം ഹോമിയോപ്പതി, ആയുർവേദ ഡോക്ടർമാർക്കും അവകാശം ഉറപ്പാക്കണം. ആരോഗ്യ വകുപ്പ് മെഡിക്കൽ ഓഫിസർമാർ എന്ന് പരാമർശിക്കുന്നിടത്ത് ഹോമിയോ, ആയുർവേദ വിഭാഗം മെഡിക്കൽ ഓഫിസർ എന്നുകൂടി കൂട്ടിച്ചേർക്കണം. പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളുടെ ചികിത്സയിലും രോഗങ്ങൾ ഉണ്ടാകാതെ തടയുന്നതിലും അലോപ്പതി ഒഴികെയുള്ള ചികിത്സരീതിയിലെ മെഡിക്കൽ ഓഫിസർമാരുടെ സേവനം ഉപയോഗപ്പെടുത്തും എന്നത് ഉൾപ്പെടെ10 ആവശ്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തണമെന്ന് ഐ.എച്ച്.കെ ആവശ്യപ്പെടുന്നത്. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ് ഡോ. റെജു കരീം, വൈസ് പ്രസിഡന്‍റ് ഡോ. ഷാനവാസ്, ജില്ല പ്രസിഡന്‍റ് ഡോ. നളിന ദിൻകർ, ഡോ. ഷാഹിദ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.