എയ്ഡഡ് കോളജുകളുടെ പ്രശ്നങ്ങൾ പരിഹരിക്കണം -മാനേജ്മെന്‍റ്​സ്​ അസോസിയേഷൻ

കൊച്ചി: എയ്ഡഡ് കോളജുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മാനേജ്‌മെന്‍റുകളുമായി ചർച്ച ചെയ്​ത് പരിഹരിക്കാൻ സർക്കാർ തയാറാകണമെന്ന് കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്‍റ്​ അസോസിയേഷൻ വാർഷിക യോഗം ആവശ്യപ്പെട്ടു. അധ്യാപകരുടെ ജോലിഭാരം നിർണയിക്കുന്നതിൽ പി.ജി വെയ്റ്റേജ് എടുത്തുകളഞ്ഞത് മൂലം രണ്ടായിരത്തോളം തസ്തികകൾ നഷ്ടപ്പെടുന്നത് യു.ജി, പി.ജി തലങ്ങളിൽ വലിയ നിലവാരത്തകർച്ചക്കിടയാക്കുന്നു. പ്രിൻസിപ്പൽ നിയമനം വൈകാനിടയായ കോളജുകളിൽ റെഗുലർ നിയമനം നടക്കുന്നത് വരെ ഡ്രോയിങ്​ ആൻഡ്​ ഡിസ്ബേഴ്സിങ്​ ഓഫിസറെ നിയമിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയ ധനവകുപ്പ്​ സർക്കുലർ പിൻവലിക്കണം. നിയമനങ്ങളിൽ ഭിന്നശേഷി സംവരണമേർപ്പെടുത്തിയ ഉത്തരവിലെ അവ്യക്തതകൾ മാനേജ്മെന്‍റുകളുമായി ചർച്ച ചെയ്ത് പരിഹരിക്കണം. ട്രെയിനിങ്​ കോളജുകളും അറബിക് കോളജുകളും നേരിടുന്ന പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എറണാകുളം സെന്‍റ്​ തെരേസാസ് കോളജിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ്​ ഡോ. എം.ഇ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. എം. ഉസ്മാൻ വാർഷിക റിപ്പോർട്ടും ട്രഷറർ സിസ്റ്റർ വിനീത കണക്കും അവതരിപ്പിച്ചു. ഡോ. കെ.എ. ഹാഷിം, കെ.ആർ. ഗംഗാധരൻ, ഫാ. മാർട്ടിൻ, ഫാ. ജോസ് ജോൺ, പ്രഫ. ഒ.പി. അബ്ദുറഹിമാൻ, ഡോ. എ. ബിജു, ഫാ. റെജി പി. കുര്യൻ, ഒ. അബ്ദുൽ അലി, സിസ്റ്റർ ഗിസാല ജോർജ്, ഡോ. കെ. അസീസ്, ഫാ. ജോസഫ് ജോൺ, അബ്ദുൽ നാസർ കുനിയിൽ, കെ. ഹുസൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.