പ്രീതുവിന്​ വാഗ്​ദാനം ചെയ്ത തുകയുമായി പൊലീസ് ഉന്നതസംഘം വീട്ടിലെത്തി

(പടം) തൃപ്പൂണിത്തുറ: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) എന്ന ജനിതക രോഗത്തെ തോല്‍പിച്ച്​ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിജയിച്ച് അപൂര്‍വ നേട്ടം കൈവരിച്ച്​ മരണത്തിന്​ കീഴടങ്ങിയ പ്രീതു ജയപ്രകാശിന്​ വാഗ്​ദാനം ചെയ്ത തുക നല്‍കാന്‍ പൊലീസ് ഉന്നതസംഘം വീട്ടിലെത്തി. മേഴ്‌സി കോപ് നല്‍കിയ തുക കൗണ്‍സിലര്‍ ബിന്ദു ഷൈല ചന്ദ്രനില്‍നിന്ന്​ പ്രീതുവിന്‍റെ പിതാവ് റിട്ട. എസ്‌.ഐ ജയപ്രകാശ് ഏറ്റുവാങ്ങി. എറണാകുളം സൗത്ത് അസിസ്റ്റന്‍റ്​ കമീഷണര്‍ രാജ്കുമാര്‍, മട്ടാഞ്ചേരി എ.സി.പി രവീന്ദ്രനാഥ്, തൃക്കാക്കര എ.സി.പി പി.ബി. ബേബി എന്നിവരാണ് തുക കൈമാറാന്‍ പ്രീതു താമസിച്ചിരുന്ന തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയത്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിതയായി അനങ്ങാന്‍ പറ്റാതിരുന്നിട്ടും അപൂര്‍വ നേട്ടം കൈവരിച്ചതിനാണ് പ്രീതുവിനുള്ള സമ്മാനം നല്‍കാന്‍ മേഴ്‌സി കോപ് തീരുമാനിച്ചത്. യു.എസ് കമ്പനിയായ ഡിലോയിറ്റിലെ അസോഷ്യേറ്റ് സൊലൂഷന്‍ അഡ്വൈസറായിരുന്ന പ്രീതു പനിബാധിതയായി ഈ മാസം ആദ്യമാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എരൂര്‍ അയ്യമ്പിള്ളിക്കാവ് പ്രതീക്ഷ വീട്ടില്‍ റിട്ട. എസ്‌.ഐ കെ.ബി. ജയപ്രകാശിന്‍റെയും രാധാമണിയുടെയും മകളാണ്. രോഗത്തിന്‍റെ അവശതകള്‍ അലട്ടിയിട്ടും ദിവസവും ഒമ്പത്​ മണിക്കൂര്‍ വരെ ജോലി ചെയ്തിരുന്ന പ്രീതു ഒട്ടേറെപ്പേര്‍ക്ക്​ പ്രചോദനമായിരുന്നു. ചക്രക്കസേരയില്‍ ഇരുന്ന്​ പ്രീതു സ്വന്തമാക്കിയത് അത്യപൂര്‍വ നേട്ടങ്ങളായിരുന്നു. ബി.കോമും പിന്നീട് അഞ്ചുവര്‍ഷംകൊണ്ട്​ സി.എയും സ്വന്തമാക്കി. ശാസ്ത്രമേളയിലും മറ്റും ക്വിസ് മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്​ വേണ്ടി ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കാനും മുന്നിലായിരുന്നു പ്രീതു. GL-TPRA-1 Preethu പ്രീതു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.