ആക്രിയുടെ മറവില്‍ നികുതി വെട്ടിപ്പ്; സായുധ പൊലീസിന്റെ സഹായത്തോടെ വീടുകളില്‍ പരിശോധന

പെരുമ്പാവൂര്‍: അയണ്‍ സ്‌ക്രാപ്പിന്റെ മറവില്‍ വ്യാജ ബില്ലുകള്‍ ചമച്ച് നികുതി വെട്ടിപ്പ്​ നടത്തിയെന്ന സംശയത്തിൽ രണ്ട് പേരുടെ വീടുകളില്‍ ജി.എസ്.ടി വിഭാഗം പരിശോധന നടത്തി. പെരുമ്പാവൂര്‍ സ്വദേശികളായ അസര്‍ അലി, റിന്‍ഷാദ് എന്നിവരുടെ വീടുകളിലാണ്​ സ്‌റ്റേറ്റ് ജി.എസ്.ടി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം സായുധ പൊലീസിന്റെ സഹായത്തോടെ​ തിങ്കളാഴ്ച പുലര്‍ച്ച പരിശോധന നടത്തിയത്​. ആക്രിയുടെ മറവില്‍ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച കോട്ടയം സ്‌റ്റേറ്റ് ടാക്‌സ് ഇന്റലിജന്‍സ് ബ്യൂറോ ഓഫിസര്‍ സി.ജി. അരവിന്ദിന്റെ നേതൃത്വത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിന്റെ എട്ട് യൂനിറ്റുകള്‍ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമായി 12 സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും പത്തോളം വ്യാപാരികളില്‍നിന്ന്​ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നികുതി വെട്ടിപ്പിന്റെ ആസൂത്രകർ അസര്‍ അലി, റിന്‍ഷാദ് എന്നിവരാണെന്ന് കണ്ടെത്തിയിരുന്നു. പലതവണ സമന്‍സ് കൊടുത്തെങ്കിലും മൊഴി നൽകാൻ ഇവര്‍ ഹാജരായില്ല. ഇതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. ചില രേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി അന്വേഷണ സംഘം പറഞ്ഞു. ഏകദേശം 125 കോടിയുടെ വ്യാജ ബില്ലുണ്ടാക്കി 13 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. വ്യാജ രജിസ്‌ട്രേഷന്‍ എടുക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സായുധ പൊലീസ് സഹായത്തോടെ സംസ്ഥാന നികുതി വകുപ്പ് ആദ്യമായി നടത്തിയ പരിശോധനയാണ് പെരുമ്പാവൂരിലേതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മട്ടാഞ്ചേരി ഐ.ബി എസ്.ടി.ഒ ബേബി മത്തായി, ഐ.ബി ആലപ്പുഴ എസ്.ടി.ഒ രാജഗോപാല്‍, ഐ.ബി എറണാകുളം ഡി.സി ജോണ്‍സണ്‍ ചാക്കൊ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.