മട്ടാഞ്ചേരി ബസാറിൽ എയർഗൺ വെടിവെപ്പ്: പൊലീസ് ഇരുട്ടിൽ തപ്പുന്നു

മട്ടാഞ്ചേരി: മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലിനിടെ എയർഗണ്ണിൽനിന്ന് വെടിയേറ്റ സംഭവത്തിൽ അന്വേഷണം ഇഴയുന്നു. മട്ടാഞ്ചേരി സ്വദേശികളായ മുസ്താക്, നൗഫൽ എന്നിവർക്കെതിരെ വെടിയേറ്റ ഷാജഹാന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞില്ല. മട്ടാഞ്ചേരി ബസാറിൽ കഴിഞ്ഞ വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. രണ്ട് സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പ്രതികളുടെ വിലാസം അടക്കം യാതൊരു വിവരങ്ങളും പൊലീസിന് ലഭ്യമായിട്ടില്ല. പത്ത് പേർ അടങ്ങുന്ന സംഘമാണ് ആക്രമത്തിൽ ഉള്ളതായി പൊലീസ് കണ്ടെത്തിയത്. സംഭവത്തിനുശേഷം പ്രതികളെല്ലാം ഒളിവിൽ പോയി. വെടിയേറ്റ ഷാജഹാൻ ചികിത്സയിലാണ്. സമീപത്തെ കടയിൽനിന്ന് സോഡാകുപ്പിയും മറ്റും എടുത്ത് സംഘങ്ങൾ പരസ്പരം എറിഞ്ഞിരുന്നു. പിന്നീട് എയർ ഗൺ,വാൾ എന്നിവ ഉപയോഗിച്ചായിരുന്നു കൂട്ടത്തല്ല്. പ്രതികളെ വ്യക്തമായി തിരിച്ചറിയാൻ സാധിക്കാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.