തിരക്കുള്ള ബസിൽ പണം അപഹരിക്കുന്ന സംഘങ്ങൾ പെരുകുന്നു

പള്ളുരുത്തി: തിരക്കുള്ള ബസുകളിൽ കവർച്ച നടത്തുന്ന സംഘങ്ങൾ പെരുകുന്നു. രണ്ട് ദിവസത്തിനിടെ സമാനമായ മൂന്ന് സംഭവമാണ് റിപ്പോർട്ട് ചെയ്തത്. പണം നഷ്ടപ്പെട്ട രണ്ടുപേർ പൊലീസിൽ പരാതി നൽകി. കുമ്പളങ്ങി- പെരുമ്പടപ്പ് റൂട്ടിൽ സർവിസ് നടത്തുന്ന ബസുകളിലാണ് മോഷണ സംഘത്തിന്‍റെ ശല്യം വർധിച്ചിരിക്കുന്നത്. കുമ്പളങ്ങി സ്വദേശി ഗീതുമോളുടെ 51,000 രൂപയാണ് ഹാൻഡ്​ ബാഗിൽനിന്ന് നഷ്ടമായത്. പെരുമ്പടപ്പിൽനിന്ന് ബസിൽ കയറിയ ഗീതു കുമ്പളങ്ങി ഇല്ലിക്കൽ കവലയിൽ ഇറങ്ങി ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. കുമ്പളങ്ങി സ്വദേശി സജിതക്ക് 7,700 രൂപയാണ് ബസിൽനിന്ന് നഷ്ടപ്പെട്ടത്. പള്ളുരുത്തി വെളിയിൽനിന്നാണ് ബസ് കയറിയത്. കുമ്പളങ്ങി ഭജനമഠ സ്റ്റോപ്പിൽ ഇറങ്ങിയപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. കഴിഞ്ഞ ദിവസം പള്ളുരുത്തി മരുന്നുകട സ്റ്റോപ്പിൽനിന്ന് സ്വകാര്യ ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ ബാഗ് അപഹരിക്കാനുള്ള കവർച്ച സംഘത്തിന്‍റെ ശ്രമം മറ്റു യാത്രക്കാർ ചേർന്ന് പരാജയപ്പെടുത്തിയിരുന്നു. പണം നഷ്ടപ്പെട്ടവർ പള്ളുരുത്തി പൊലീസിലും കുമ്പളങ്ങി ഔട്ട് പോസ്റ്റിലും പരാതി നൽകി. വനിത പൊലീസുകാരുൾപ്പെട്ട സംഘത്തെ പള്ളുരുത്തിയുടെ വിവിധയിടങ്ങളിൽ മഫ്ത്തിയിൽ നിയോഗിച്ചിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിൽ പൊലീസ് പട്രോളിങ്ങും ശക്തിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.