ലൈംഗികാതിക്രമം തടയാൻ നിയമ വ്യവസ്ഥകൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തണം -ഹൈകോടതി

കൊച്ചി: ലൈംഗികാതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തണമെന്ന് ഹൈകോടതി. ഇത്തരം ആക്രമണങ്ങൾ തടയാനുള്ള നിയമങ്ങളെക്കുറിച്ച്​ കുട്ടികളെ ബോധവത്‌കരിക്കൽ അനിവാര്യമാണെന്ന്​ വിലയിരുത്തിയാണ്​ ജസ്റ്റിസ്​ ബെച്ചു കുര്യൻ തോമസിന്‍റെ നിർദേശം. ലൈംഗികാതിക്രമം തടയാനുള്ള ഏക പോംവഴി ഈ നിയമങ്ങളെക്കുറിച്ച് സ്കൂൾ തലത്തിൽ അവബോധം സൃഷ്ടിക്കലാണ്. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് ഇത്തരം കാര്യങ്ങളിൽ മതിയായ ബോധവത്കരണം നൽകാനാവുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പോക്സോ കേസ്​ പ്രതിയുടെ ജാമ്യഹരജി പരിഗണിക്കവേയാണ്​ കോടതി നിരീക്ഷണം. സ്കൂൾ കുട്ടികൾക്ക്​ നേരെയുള്ള ലൈംഗികാതിക്രമക്കേസുകളിലെ പ്രതികളെറെയും വിദ്യാർഥികളും ചെറുപ്രായക്കാരുമാണെന്ന്​ സിംഗിൾബെഞ്ച് വിലയിരുത്തി. ശാരീരിക മാറ്റങ്ങളെത്തുടർന്ന്​ കുട്ടികൾക്കിടയിൽ ലൈംഗികാകർഷണമുണ്ടാകും. മനശാസ്ത്രജ്ഞർ ഇതു സ്വാഭാവികമെന്ന്​ പറയുമ്പോഴും ഇത്തരത്തിലുള്ള ലൈംഗിക ബന്ധങ്ങൾ നിയമപ്രകാരം കുറ്റകരമാണ്. നിയമത്തിലുള്ള അജ്ഞത മൂലം ഇത്തരം കേസുകളിൽ ഉൾപ്പെട്ടു പോകുന്ന ചെറുപ്രായക്കാരുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് പാഠ്യപദ്ധതിയിൽ ഈ നിയമ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന്​ പറയുന്നതെന്ന്​ സിംഗിൾബെഞ്ച് വ്യക്​തമാക്കി. തുടർന്ന് പോക്സോ നിയമ വ്യവസ്ഥകളും ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്​ഷൻ 376 ലെ വ്യവസ്ഥകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ നിർ​ദേശങ്ങൾ നൽകാൻ വിദ്യാഭ്യാസ വകുപ്പിനെയും സി.ബി.എസ്.ഇയെയും സംസ്ഥാന ലീഗൽ സർവിസ് അതോറിറ്റിയെയും സ്വമേധയാ കക്ഷിചേർത്തു. ഹരജി വീണ്ടും ആഗസ്റ്റ് 31ന്​ പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.