പുതിയ പാത: മെട്രോ റെയില്‍ സുരക്ഷാ കമീഷണറുടെ പരിശോധന ആരംഭിച്ചു

കൊച്ചി: മെട്രോയുടെ പേട്ടയില്‍നിന്ന് എസ്.എന്‍ ജങ്ഷന്‍ വരെയുള്ള പുതിയ പാത ഗതാഗതത്തിന്​ തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധന ആരംഭിച്ചു. മെട്രോ റെയില്‍ സേഫ്റ്റി കമീഷണര്‍ അഭയ് റായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പരിശോധന വെള്ളിയാഴ്ചയും തുടരും. വടക്കേക്കോട്ട, എസ്.എന്‍ ജങ്ഷന്‍ എന്നീ സ്റ്റേഷനുകളിലെ എസ്‌കലേറ്റര്‍, സിഗ്​നലിങ്, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം, പ്ലാറ്റ്‌ഫോമുകളിലും മറ്റും യാത്രക്കാര്‍ക്ക്​ ഒരുക്കിയ സൗകര്യങ്ങള്‍ തുടങ്ങിയവ പരിശോധിച്ചു. ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമിലെ സാങ്കേതിക സംവിധാനങ്ങള്‍ തുടങ്ങിയവയും പരിശോധിച്ചു. അടിയന്തരഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംഘത്തിനുമുമ്പാകെ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു. 1.8 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ ട്രോളി ഉപയോഗിച്ച് യാത്ര നടത്തി പരിശോധിച്ചു. പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിച്ചുള്ള പരിശോധന വെള്ളിയാഴ്ച നടക്കും. ഡെപ്യൂട്ടി കമീഷണര്‍ നിധീഷ് കുമാര്‍ രഞ്​ജന്‍, ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ഇ. ശ്രീനിവാസ്, എം.എന്‍. അതാനി, സീനിയര്‍ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ജി. പ്രസന്ന എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ ഒമ്പതിന്​ എസ്.എന്‍ ജങ്ഷനില്‍ എത്തിയ സംഘത്തെ കെ.എം.ആര്‍.എല്‍ മാനേജിങ്​ ഡയറക്ടര്‍ ലോക് നാഥ് ബെഹ്‌റ, ഡയറക്​ടര്‍ സിസ്റ്റംസ് ഡി.കെ. സിന്‍ഹ എന്നിവര്‍ സ്വീകരിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജങ്ഷന്‍ വരെയുള്ളത്. 2019 ഒക്ടോബറിലാണ് ഈ പാതയുടെ നിര്‍മാണം ആരംഭിച്ചത്. 453 കോടിയാണ് മൊത്തം നിര്‍മാണച്ചെലവ്. സ്റ്റേഷന്‍ നിര്‍മാണത്തിന്​ ആവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി ചെലവഴിച്ചു. ഫോട്ടോ കാപ്ഷൻ ER Metro safety1, ER Metro safety2 മെട്രോ റെയിൽ സുരക്ഷ കമീഷണർ അഭയ് റായ് കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്.എൻ ജങ്ഷൻ വരെയുള്ള ട്രാക്കിന്‍റെ സുരക്ഷ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.