ഭിന്നശേഷിക്കാർക്ക്​ തിരിച്ചറിയൽ കാർഡ്; ഹെൽപ്​ ഡെസ്കുകൾ​ തുടങ്ങും

കൊച്ചി: ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡ് വിതരണം വേഗത്തിലാക്കാൻ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രജിസ്ട്രേഷൻ ഹെൽപ് ഡെസ്കുകൾ ആരംഭിക്കണമെന്ന് കലക്ടർ ജാഫർ മാലിക് നിർദേശം നൽകി. ഭിന്നശേഷിക്കാർക്കുള്ള സ്വാവലംബൻ പോർട്ടലിലേക്കുള്ള രജിസ്ട്രേഷൻ വേഗത്തിലാക്കാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 ദിവസത്തിനുള്ളിൽ ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാരുടെയും രജിസ്ട്രേഷൻ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കാമ്പയിൻ സംഘടിപ്പിക്കും. രജിസ്ട്രേഷൻ സംബന്ധിച്ച് കേരള സാമൂഹിക സുരക്ഷാ മിഷന്‍റെ നേതൃത്വത്തിൽ അക്ഷയ ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകും. ബഡ്സ് സ്കൂളുകളിലെ ജീവനക്കാരുടെ സേവനവും ഇതിന്​ പ്രയോജനപ്പെടുത്തണമെന്ന് കലക്ടർ പറഞ്ഞു. 75,000 ഭിന്നശേഷിക്കാർ ജില്ലയിലാകെ 75,000 ഭിന്നശേഷിക്കാരായ ആളുകൾ ഉണ്ടെന്നാണ് സാമൂഹിക നീതി വകുപ്പിന്‍റെ കണ്ടെത്തൽ. ഇതിൽ 28,000 പേർ മാത്രമാണ് സവിശേഷ തിരിച്ചറിയൽ കാർഡിനായി അപേക്ഷിച്ചിട്ടുള്ളത്. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഉള്ളവർ തിരിച്ചറിയൽ കാർഡിനുവേണ്ടിയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനും തിരിച്ചറിയൽ കാർഡിനും വേണ്ടിയാണ് അപേക്ഷ നൽകുന്നത്. ഒറ്റത്തവണ രജിസ്ട്രേഷൻ മാത്രമാണ് നടക്കുന്നത്. മുമ്പ്​ അപേക്ഷ നൽകിയിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.swavlambancard.gov.in ൽ നേരിട്ട് ഓൺലൈൻ ആയി അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുന്നവർക്ക് 30 രൂപ ഫീസുണ്ട്. ഫോട്ടോ, ഒപ്പ് അല്ലെങ്കിൽ വിരലടയാളം, ആധാർ കാര്‍ഡ് അല്ലെങ്കിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, മെഡിക്കൽ സർട്ടിഫിക്കറ്റ് (ലഭ്യമായെങ്കിൽ) എന്നിവ രജിസ്ട്രേഷൻ സമയത്ത് അപ്​ലോഡ് ചെയ്യണം. രജിസ്ട്രേഷൻ സംബന്ധിച്ച കേരള സാമൂഹിക സുരക്ഷാ മിഷൻ തയാറാക്കിയ വിഡിയോ ട്യൂട്ടോറിയൽ കേരള സാമൂഹിക സുരക്ഷാ മിഷൻ ഫേസ്ബുക് പേജിലും യു ട്യൂബിലും ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.