കൊച്ചി: ഒരു വശത്ത് ശേഖരിച്ചപ്പോൾ മറുവശത്ത് കൂടി വോട്ടുകൾ ചോർന്നത് തൃക്കാക്കരയിൽ എൽ.ഡി.എഫ് പരാജയത്തിന് ആക്കം കൂട്ടി. ഒരു സമുദായത്തിന്‍റെ പ്രതിനിധിയായി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാൻ ശ്രമമുണ്ടായപ്പോൾ എൽ.ഡി.എഫിനൊപ്പംനിന്ന ഇതര സമുദായ വോട്ടുകളിലുണ്ടായ ചോർച്ചക്കപ്പുറം പാർട്ടി അണികളിലുണ്ടായ അതൃപ്തിയും അമർഷവും വോട്ടിങ്ങിൽ പ്രതിഫലിച്ചു. നേതൃത്വത്തിൻെറ അപ്രമാദിത്വത്തിലും ഭരണ വൈകല്യത്തിലും കെ-റെയിൽ പോലുള്ള പദ്ധതികൾ നടപ്പാക്കാനുള്ള അനാവശ്യ വാശിയിലും അതൃപ്തരായ പാർട്ടി ബന്ധമുള്ളവർ സർക്കാറിന് ഷോക്ക് ട്രീറ്റ്മെന്റ് നൽകാനുള്ള അവസരമാക്കി ഉപതെരഞ്ഞെടുപ്പിനെ കണ്ടുവെന്നാണ് വിലയിരുത്തൽ. 3633 പുതിയ വോട്ടർമാർ മാത്രമുണ്ടായിരുന്ന മണ്ഡലത്തിൽ 2244 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ അധികം കിട്ടിയെന്ന പേരിൽ പാർട്ടിക്കും മുന്നണിക്കും തടിതപ്പാനാവില്ല. പതിനായിരത്തോളം വോട്ടുകളാണ് നേതൃത്വം അധികം പ്രതീക്ഷിച്ചത്. നിലവിലെ എൽ.ഡി.എഫ് വോട്ടിനൊപ്പം ഇതുകൂടി ചേരുമ്പോൾ 5000ൽ താഴെ വോട്ടുകൾക്ക് ജയിച്ചു കയറാമെന്നായിരുന്നു പ്രതീക്ഷ. സഭയുടെ ഒരു വിഭാഗത്തിൻെറയും മന്ത്രിമാരടക്കം നടത്തിയ പ്രചാരണ പ്രവർത്തനങ്ങളുടെ ഫലമായി പുതിയ വോട്ടുകളിലെറെയും എൽ.ഡി.എഫിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. ട്വന്‍റി ട്വന്‍റി വോട്ടും എൽ.ഡി.എഫിന് കിട്ടിയിട്ടുണ്ട്. അങ്ങനെയെങ്കിൽ എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളായ ബൂത്തുകളിൽ വൻതോതിൽ ഇടത് സ്ഥാനാർഥിക്ക് വോട്ട് ലഭിക്കേണ്ടതായിരുന്നു. ജയത്തിലെത്തിയില്ലെങ്കിലും യു.ഡി.എഫ് ഭൂരിപക്ഷം ഗണ്യമായി കുറക്കാനെങ്കിലും കഴിയേണ്ടതായിരുന്നു. അത് ലഭിച്ചിട്ടില്ലാത്ത സാഹചര്യം എൽ.ഡി.എഫിൻെറ ഉറച്ച വോട്ടുകളിൽ ചോർച്ചയുണ്ടായി എന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. ജില്ല കമ്മിറ്റിയംഗത്തെ സ്ഥാനാർഥിയാക്കാനുള്ള നീക്കം ഉപേക്ഷിച്ച് മറ്റൊരാളെ അവതരിപ്പിച്ചത് മുതൽ സാമുദായിക ധ്രുവീകരണത്തിന് പാർട്ടിയും മുന്നണിയും ശ്രമിക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ജില്ല കമ്മിറ്റി തീരുമാനത്തിന് മേൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ചില സംസ്ഥാന നേതാക്കളും ചേർന്ന് അടിച്ചേൽപ്പിച്ചതാണ് സ്ഥാനാർഥിയെന്ന ആരോപണവും ശക്തമായിരുന്നു. വിജയിക്കാൻ സഭയെ ആശ്രയിക്കുന്നതിൽ എൽ.ഡി.എഫിനകത്ത് പ്രത്യേകിച്ച് സി.പി.എമ്മിൽ എതിർപ്പ് പുകഞ്ഞെങ്കിലും ഉന്നത നേതാക്കളുടെ സാന്നിധ്യത്തിൽ അത് തുറന്നുപറയാൻ ആരും ധൈര്യം കാട്ടിയില്ല. വോട്ടിങ്ങിൽ ഈ എതിർപ്പ് പ്രതിഫലിപ്പിച്ചുവെന്നാണ് ഫലം തെളിയിക്കുന്നത്. പ്രചാരണ വേദികളിൽ പോലും അർഹമായ സ്ഥാനം ജില്ല നേതാക്കൾക്ക് ലഭിച്ചിരുന്നില്ല. മണ്ഡലത്തിൽ സജീവമായിരുന്ന ജില്ല, ഏരിയ നേതാക്കൾ തെരഞ്ഞെടുപ്പായതോടെ പുറന്തള്ളപ്പെടുന്ന അവസ്ഥയുണ്ടായി. എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചാൽ ജില്ല കമ്മിറ്റിയുടെ പ്രസക്തിതന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങൾ. സാമുദായിക പ്രീണന നയം കൂടി നേതൃത്വത്തിൻെറ ഭാഗത്തുനിന്ന് ഉണ്ടായതോടെ അതൃപ്തി പാർട്ടിയുടെ താഴേത്തട്ടിലേക്കും പടർന്നതായാണ് സൂചനകൾ. പാർട്ടി അംഗങ്ങളടക്കമുള്ളവരുടെ വോട്ടുകൾ പലയിടങ്ങളിലും നഷ്ടമായെന്ന സൂചനകൾ വരും ദിവസങ്ങളിൽ സി.പി.എമ്മിനെ കുറച്ചൊന്നുമല്ല അലട്ടുക. 2021ലെ തെരഞ്ഞെടുപ്പിന് ശേഷം മുന്നണി സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചതിൻെറയും വിജയത്തിനായി പ്രവർത്തിക്കാതിരുന്നതിൻെറയും പേരിൽ തൃക്കാക്കര മണ്ഡലത്തിൽ ഒട്ടേറെ നേതാക്കൾക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. പുതിയ സാഹചര്യത്തിൽ കൂട്ട നടപടിക്ക് വഴിയൊരുങ്ങിയിരിക്കുന്നതായി വേണം കരുതാൻ. subair
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.