പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥ സി.എസ്.ഐ മധ്യകേരള ഇടവക സമിതി ഭാരവാഹികൾക്കും ബാധകം

കൊച്ചി: സമുദായ സംഘടനകളിൽ ഭാരവാഹികളാകരുതെന്ന സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥ സി.എസ്.ഐ മധ്യകേരള ഇടവക സമിതി ഭാരവാഹികൾക്കും ബാധകമെന്ന്​ ഹൈകോടതി. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ സെക്ഷൻ 67 എയിൽ സർക്കാർ ഉദ്യോഗസ്ഥർ മത-സമുദായ സംഘടനകളിൽ ഭാരവാഹികളാകുന്നത്​ വിലക്കിയിട്ടുണ്ട്. ഇത്​ സി.എസ്.ഐ മധ്യകേരള ഇടവകയിലെ വിവിധ സമിതികളിൽ ഭാരവാഹികളാകുന്നതിനും ബാധകമാണ്​. എന്നാൽ, മത സമുദായ സംഘടനകളുടെ ഭാരവാഹികളാകാൻ മാത്രമാണ് വിലക്കെന്നും മത്സരിക്കുന്നതിന് വിലക്കില്ലെന്നും ജസ്റ്റിസ്​ ടി.ആർ. രവി വ്യക്തമാക്കി. മത്സരിച്ച്​ ജയിച്ച്​ ഭാരവാഹിയായാൽ മാത്രമേ പെരുമാറ്റച്ചട്ടത്തിലെ വിലക്ക് ബാധകമാകൂവെന്നതിനാൽ മത്സരിപ്പിക്കുന്നത്​ വിലക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സി.എസ്.ഐ മധ്യ കേരള ഇടവകയുടെ വിവിധ സമിതികളിൽ സർക്കാർ ജീവനക്കാർ ഭാരവാഹികളാകുന്നതിനെതിരെ തലയോലപ്പറമ്പ് വടകര സ്വദേശി കെ.ജെ. ഫിലിപ്പ് നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്. സി.എസ്.ഐ മധ്യകേരള ഇടവകയുടെ വിവിധ സമിതികളിലേക്ക് മത്സരിച്ചു ജയിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഹരജിക്കാരൻ നേരത്തേ വകുപ്പുകൾക്ക് നിവേദനം നൽകിയിരുന്നു. ഇതിൽ നടപടിയില്ലെന്ന്​ ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത്തരം പദവികളിൽ സർക്കാർ ഉദ്യോഗസ്ഥരെ മത്സരിപ്പിക്കുന്നതിൽനിന്ന് സി.എസ്.ഐ മധ്യകേരള ഇടവകയെ വിലക്കണമെന്ന ആവശ്യവും ഉന്നയിച്ചു. തുടർന്നാണ്​ ഉത്തരവുണ്ടായത്​. ഹരജിക്കാരൻ വകുപ്പുകൾക്ക്​ നൽകിയ നിവേദനത്തിൽ ആറാഴ്‌ചക്കകം നിയമാനുസൃതം നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.